ക്വിൻഹായ്-ടിബറ്റ് റെയിൽവേ പാത, വെറുമൊരു യാത്രാമാർഗത്തിനപ്പുറം ഒരു എൻജിനീയറിങ് വിസ്മയമാണ്. 5702 മീറ്റർ ഉയരത്തിൽ, സമുദ്രനിരപ്പിൽ നിന്ന് ഏറെ മുകളിലൂടെ നീളുന്ന ഈ പാതയെ ‘സ്വർഗത്തിലേക്കുള്ള പാത’ എന്നും ‘ആകാശപാത’ എന്നും വിശേഷിപ്പിക്കാറുണ്ട്. സാഹസിക യാത്രികരുടെ സ്വപ്ന സഞ്ചാരപട്ടികയിലെ പ്രധാനപ്പെട്ട ഒരിടമാണിത്. ചൈനയിലെ ക്വിൻഹായ് പ്രവിശ്യയിലെ ഷിനിങ് മുതൽ ടിബറ്റിലെ ലാസ വരെ 1956 കിലോമീറ്റർ ദൂരത്തിലാണ് ഈ റെയിൽപാത നീണ്ടുകിടക്കുന്നത്.
നൂറ്റാണ്ടുകളോളം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പ്രദേശമാണ് ടിബറ്റ്.
2006-ൽ ഈ റെയിൽപാത യാഥാർത്ഥ്യമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചു. മഞ്ഞുമൂടിയ പർവതങ്ങളും മനോഹരമായ തടാകങ്ങളും ഗ്രാമങ്ങളുമെല്ലാം യാത്രയിലുടനീളം ആസ്വദിക്കാം. 1955-ൽ ചൈനീസ് നേതാവ് മാവോയാണ് ഇങ്ങനെയൊരു പാതയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ലോകത്തിലെ മികച്ച എൻജിനീയർമാരെ അയച്ചത്.
എന്നാൽ, കുൻലുൻ പർവതനിരക്ക് കുറുകെ ഇത്ര ഉയരത്തിൽ റെയിൽവേ ലൈൻ നിർമ്മിക്കുന്നത് അസാധ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 1958-ൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ 2006-ൽ പൂർത്തിയാക്കി. 4.2 ബില്യൺ ഡോളറാണ് ഇതിനായി ചെലവഴിച്ചത്. തുടർച്ചയായ ഭൂകമ്പങ്ങളും ഓക്സിജൻ്റെ കുറവും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ ഈ നിർമ്മാണത്തിലുണ്ടായിരുന്നു.
ഉയരം കൂടുമ്പോൾ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്രെയിനുകളിൽ പ്രത്യേക സൗകര്യങ്ങളുണ്ട്. 4000 മീറ്ററിന് മുകളിലേക്ക് യാത്ര ചെയ്യുമ്പോൾ ഓക്സിജൻ്റെ അളവ് കുറവായതുകൊണ്ട് ഓരോ കോച്ചിലും ഓക്സിജൻ വിതരണ സംവിധാനം നിർബന്ധമാണ്. യാത്രക്കാർക്കായി ഓക്സിജൻ മാസ്കുകളും ട്യൂബുകളും കാബിനുകളിൽ ലഭ്യമാണ്. ഡോക്ടർമാരുടെ സേവനവും ട്രെയിനിലുണ്ട്. കൂടാതെ, സ്ലീപ്പർ ബെർത്തുകൾ, ഭക്ഷണശാല, ഏഷ്യൻ, വെസ്റ്റേൺ ശൈലിയിലുള്ള ടോയ്ലറ്റുകൾ എന്നിവയും ട്രെയിനിലുണ്ട്. ഈ പാത ടിബറ്റിന്റെ വ്യാപാര-സാമ്പത്തിക മേഖലകളിലും കാര്യമായ പുരോഗതി കൊണ്ടുവന്നു.



