മുൻപ് പ്രതിമാസം 10,000 യുവാൻ (ഏകദേശം $1,400) വരുമാനം നേടിയിരുന്ന ഒരു റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവറായിരുന്നു മിൻ ഹെങ്‌കായി. എന്നാൽ, തുടർച്ചയായ ജോലി അദ്ദേഹത്തെ വല്ലാതെ ക്ഷീണിപ്പിച്ചു. ദീർഘനേരത്തെ ജോലിഭാരവും വർദ്ധിച്ചുവരുന്ന കടബാധ്യതകളും എല്ലാം എന്തിനാണെന്ന് അദ്ദേഹത്തെ ചിന്തിപ്പിച്ചു. കടം തിരിച്ചടയ്ക്കാൻ ഞാൻ ദിവസവും 10 മണിക്കൂറിലധികം ജോലി ചെയ്തു. അത് അർത്ഥശൂന്യമായി തോന്നിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
പഴയ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ, മിനിന് 42,000 ഡോളറിന്റെ കടമുണ്ടായിരുന്നു. പിന്നീട്, അദ്ദേഹം കടം തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നത് നിർത്തി, ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്വത്തുക്കൾ വിറ്റ് കടം തീർക്കാൻ സഹായിച്ചു. തുടർന്ന്, ഒരു ഗ്രാമതലവനുമായി അദ്ദേഹം അദ്ദേഹത്തിന്റെ ഭൂമി കൈമാറ്റം ചെയ്ത് അടുത്തുള്ള ഒരു ഗുഹയിലേക്ക് താമസം മാറി. 6,000 ഡോളർ സമ്പാദ്യം ഉപയോഗിച്ച് 50 ചതുരശ്ര മീറ്റർ വരുന്ന ഗുഹയെ ഒരു ലളിതമായ വീടാക്കി അദ്ദേഹം മാറ്റി.
ഇപ്പോൾ, മിൻ തന്റെ സമയം കൃഷി ചെയ്യാനും നടക്കാനും വായിക്കാനുമായി ചിലവഴിക്കുന്നു. രാവിലെ 8 മണിക്ക് ഉണർന്ന്, കൃഷി സ്ഥലത്ത് പണിയെടുത്ത്, രാത്രി 10 മണിയോടെ വിശ്രമിക്കുന്നു. സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനാൽ, മറ്റ് കാര്യങ്ങൾക്കായി വളരെ കുറഞ്ഞ പണം മാത്രമേ അദ്ദേഹം ചിലവഴിക്കുന്നുള്ളൂ. വിവാഹത്തെ “സമയത്തിന്റെയും പണത്തിന്റെയും പാഴാക്കൽ” എന്നാണ് മിൻ വിശേഷിപ്പിച്ചത്. പ്രണയവും സമ്പത്തും നേടാനുള്ള ശ്രമങ്ങൾ തന്നെ ആകർഷിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
“യഥാർത്ഥ സ്നേഹം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. അത്രയും അപൂർവമായ ഒന്നിനായി താൻ എന്തിന് കഠിനാധ്വാനം ചെയ്യണം? എന്നാണ് മിന്നിന്റെ ചോദ്യം. തന്റെ ഗുഹയെ അദ്ദേഹം “ഒരു കറുത്ത ദ്വാരം” എന്നാണ് വിശേഷിപ്പിച്ചത്. അത് അദ്ദേഹത്തിന്റെ എളിമയുടെ പ്രതീകമായി കരുതുന്നു. ആധുനിക ജീവിതം ഉപേക്ഷിച്ചിട്ടും, മിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 40,000-ത്തിലധികം ഫോളോവേഴ്‌സുമായി തന്റെ ഗുഹാജീവിതത്തിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
മിനിന്റെ ഈ ജീവിതം, 2000-ൽ പണത്തിനെ പൂർണ്ണമായും ഉപേക്ഷിച്ച് യൂട്ടയിലെ മോവാബിനടുത്തുള്ള ഒരു ഗുഹയിൽ ഒരു ദശകത്തിലേറെയായി താമസിച്ച അമേരിക്കക്കാരനായ ഡാനിയൽ സുലോയുടെ കേസിനെയാണ് ഓർമ്മിപ്പിക്കുന്നത്. കടം, ഉപഭോഗം, പരമ്പരാഗത തൊഴിൽ എന്നിവയെല്ലാം സുലോ ഉപേക്ഷിച്ചു. പകരം, കാട്ടിൽ നിന്ന് കിട്ടുന്ന ഭക്ഷണവും, റോഡപകടങ്ങളിൽ ചത്ത മൃഗങ്ങളെയും, ഉപേക്ഷിച്ച വസ്തുക്കളും ഉപയോഗിച്ച് അദ്ദേഹം ജീവിച്ചു.
മിനിനെപ്പോലെ, അദ്ദേഹവും തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തുകയും, അസാധാരണമായ ജീവിതശൈലിക്ക് പ്രശംസയും വിമർശനവും ഏറ്റുവാങ്ങുകയും ചെയ്തു. “ഇറ്റലിയുടെ റോബിൻസൺ ക്രൂസോ” എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന മൗറോ മൊറാൻഡിയാണ് മറ്റൊരു സമാന്തര വ്യക്തിത്വം. ജോലി ഉപേക്ഷിച്ച് ബുഡേലി ദ്വീപിൽ ഒറ്റയ്ക്ക് അദ്ദേഹം താമസിച്ചത് മുപ്പത് വർഷത്തിലേറെയാണ്. ഉപേക്ഷിക്കപ്പെട്ട രണ്ടാം ലോകമഹായുദ്ധകാലത്തെ ഷെൽട്ടർ മൊറാൻഡി തന്റെ വീടാക്കി മാറ്റി.
സൗരോർജ്ജത്തെ ആശ്രയിക്കുകയും സ്വന്തമായി ഭക്ഷണം കൃഷി ചെയ്യുകയും ചെയ്തു. മിനിനെപ്പോലെ, ആധുനിക സമൂഹത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് മാറി, ശാന്തവും സ്വയംപര്യാപ്തവുമായ ഒരു ജീവിതമാവാം അദ്ദേഹവും ആഗ്രഹിച്ചത്.



