മനുഷ്യക്കുഞ്ഞിന് ജന്മം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ റോബോട്ടിന്റെ നിർമ്മാണത്തിലാണ് ചൈനീസ് ശാസ്ത്രജ്ഞർ. ഗർഭധാരണം മുതൽ പ്രസവം വരെയുള്ള ഒരു സാധാരണ ഗർഭത്തിന്റെ എല്ലാ ഘട്ടങ്ങളും ഈ സാങ്കേതികവിദ്യക്ക് അനുകരിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.കൃത്രിമ ഗർഭപാത്രത്തിനുള്ളിൽ വളരുന്ന ഭ്രൂണത്തിന് ഒരു ട്യൂബ് വഴി ആവശ്യമായ പോഷകങ്ങൾ ലഭിക്കും. ബീജസങ്കലനം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടിട്ടില്ല.
സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിൽ ഗ്വാങ്ഷൂ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് ഈ റോബോട്ട് വികസിപ്പിക്കുന്നത്. ഈ കണ്ടുപിടുത്തം വിജയിച്ചാൽ, വന്ധ്യതയുള്ള ദമ്പതികൾക്കും അല്ലെങ്കിൽ ജൈവികമായ ഗർഭധാരണം ഇഷ്ടപ്പെടാത്ത വ്യക്തികൾക്കും ഇത് സഹായകമായേക്കും.
ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ അവസാന ഘട്ടത്തിലാണെന്ന് ഡോ. ഷാങ് അവകാശപ്പെട്ടു. 2026-ൽ റോബോട്ടിന്റെ ആദ്യ രൂപം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന് ഏകദേശം 100,000 യുവാൻ (ഏകദേശം $14,000 USD) ആണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഈ സാങ്കേതികവിദ്യ നിരവധി ധാർമ്മിക പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗർഭസ്ഥ ശിശു-മാതൃ ബന്ധം, ബീജത്തിന്റെയും അണ്ഡത്തിന്റെയും ലഭ്യത, കുട്ടിയുടെ മാനസികപരമായ ആഘാതം തുടങ്ങിയ കാര്യങ്ങളിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ കണ്ടുപിടുത്തം പ്രത്യുൽപാദന ശാസ്ത്രത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വന്ധ്യതയെ നേരിടുന്നവർക്ക് പുതിയ പ്രതീക്ഷ നൽകുമെന്നും പ്രതീക്ഷിക്കുന്നു. 2017-ൽ അകാലത്തിൽ ജനിച്ച ആട്ടിൻകുട്ടികളെ കൃത്രിമ അമ്നിയോട്ടിക് ദ്രാവകം നിറച്ച ‘ബയോബാഗിൽ’ വളർത്തിയെടുത്ത് നടത്തിയ പരീക്ഷണമാണ് ഈ കണ്ടുപിടുത്തത്തമാണ് അടിസ്ഥാനമായി എടുത്തിരിക്കുന്നത്.
ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരവും ധാർമ്മികവുമായ ചോദ്യങ്ങൾ പരിഹരിക്കുന്നതിനായി ഡോ. ഷാങ്ങിന്റെ ടീം ഗുവാങ്ഡോങ് പ്രവിശ്യാ അധികാരികളുമായി ചർച്ചകൾ നടത്തുന്നുണ്ട്.
Chinese Scientists Working On Robot That Could Give Birth To Human Baby, Prototype To Launch In 2026



