സസ്കചെവൻ സർക്കാരിൻ്റെ വിവാദമായ ‘പ്രൊണൗൺ’ നിയമത്തിനെതിരെയുള്ള നിയമപരമായ പോരാട്ടം തുടരാൻ കോടതി അനുമതി നൽകി. ‘നോട്ട്വിത്സ്റ്റാൻഡിംഗ് ക്ലോസ്’ എന്ന പ്രത്യേക വകുപ്പ് ഉപയോഗിച്ച് സർക്കാർ ഒരു നിയമം പാസാക്കിയാലും അത് ഭരണഘടനയ്ക്ക് എതിരാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സസ്കചെവൻ കോർട്ട് ഓഫ് അപ്പീൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് അവരുടെ ലിംഗഭേദം തിരിച്ചറിയുന്ന വാക്കുകൾ (പ്രൊണൗൺസ്) സ്കൂളിൽ മാറ്റണമെങ്കിൽ 16 വയസ്സിൽ താഴെയാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന നിയമമാണ് ഇത്. ‘ബിൽ 137’ അല്ലെങ്കിൽ ‘പേരന്റ്സ് ബിൽ ഓഫ് റൈറ്റ്സ്’ എന്നും ഇത് അറിയപ്പെടുന്നു. ഈ നിയമത്തിനെതിരെയാണ് UR പ്രൈഡ് സെൻ്റർ ഫോർ സെക്ഷ്വാലിറ്റി ആൻഡ് ജെൻഡർ ഡൈവേഴ്സിറ്റി എന്ന സംഘടന കോടതിയെ സമീപിച്ചത്.
ഈ നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് കാണിച്ച് യുആർ പ്രൈഡ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിയമം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇതിനെ മറികടക്കാൻ സർക്കാർ ‘നോട്ട്വിത്സ്റ്റാൻഡിംഗ് ക്ലോസ്’ എന്ന അധികാരം ഉപയോഗിച്ച് അതേ നിയമം തന്നെ വീണ്ടും പാസാക്കുകയായിരുന്നു.
ഈ പ്രത്യേക വകുപ്പ് ഉപയോഗിച്ചാൽ അഞ്ച് വർഷത്തേക്ക് കോടതിക്ക് ആ നിയമം റദ്ദാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് അർത്ഥശൂന്യമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ, കോടതി ഈ വാദം തള്ളി.
ഇനി ഈ നിയമം ഭരണഘടനയുടെ 7-ഉം 15-ഉം വകുപ്പുകൾ ലംഘിക്കുന്നുണ്ടോ എന്ന് കോടതി പരിശോധിക്കും. ഈ വകുപ്പുകൾ പ്രകാരം ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, വ്യക്തിപരമായ സുരക്ഷ, സമത്വത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കപ്പെടുന്നു. നിയമം റദ്ദാക്കാൻ കഴിയില്ലെങ്കിൽപോലും, അത് ഭരണഘടനാ വിരുദ്ധമാണോ എന്ന് കണ്ടെത്താൻ കോടതിക്ക് സാധിക്കും.
ഇത് ഭാവിയിൽ സർക്കാരിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ഈ നിയമം പിൻവലിക്കണമെന്നും, നികുതിപ്പണം പാഴാക്കരുതെന്നും പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Children's rights in court; legal battle against Saskatchewan pronoun law to continue



