ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണ് സമീപം വാനിയർ ഹൈവേയിലുണ്ടായ രാസവസ്തു ചോർച്ചയിൽ ന്യൂ ബ്രൺസ്വിക് പരിസ്ഥിതി വകുപ്പ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വാനിയർ ഹൈവേയ്ക്കും വിൽസി റോഡിനും സമീപത്താണ് ചോർച്ച റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് പ്രദേശത്തെ പ്രധാന റോഡുകൾ അടയ്ക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഏകദേശം 14 കിലോമീറ്റർ ദൂരത്തിൽ 1,000 ലിറ്ററോളം ക്രോമിയം പടർന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
സോഡിയം കാർബണേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, ക്രോമിയം എന്നീ ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ന്യൂ ബ്രൺസ്വിക് എമർജൻസി മെഷേഴ്സ് ഓർഗനൈസേഷൻ (NBEMO) വ്യക്തമാക്കി. ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ഹൈവേ ലേനുകളിലും സമീപത്തെ ഇന്റർചേഞ്ചുകളിലും ഗതാഗത വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെ വാനിയർ ഹൈവേയിലോ വാനിയർ ഇൻഡസ്ട്രിയൽ ഡ്രൈവിലോ യാത്ര ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ വിഭാഗം നിർദ്ദേശിച്ചു. വാഹനങ്ങളിലോ മറ്റ് പ്രതലങ്ങളിലോ കാണപ്പെടുന്ന രാസാവശിഷ്ടങ്ങളിൽ തൊടരുതെന്നും കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇത്തരം സ്ഥലങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും അധികൃതർ അറിയിച്ചു. രാസവസ്തുക്കൾ സമ്പർക്കത്തിൽ വന്നാൽ 15 മിനിറ്റ് സോപ്പുപയോഗിച്ച് കഴുകണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ശുചീകരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി ആഘാത പഠനത്തിനുമായി ഒരു കൺസൾട്ടന്റിനെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. നിലവിൽ പരിശോധനകളും സാമ്പിൾ ശേഖരണവും പുരോഗമിക്കുകയാണെന്നും ഇതിന്റെ ഫലം ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും NBEMO അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Chemical spill in Fredericton: Extreme caution on Vanier Highway



