ഒട്ടാവ: കാനഡയിൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ മാറി നൽകിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഹെൽത്ത് കാനഡ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള MAR-Amlodipine 5 mg എന്ന മരുന്നിന്റെ കുപ്പികളിൽ അബദ്ധത്തിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള Midodrine എന്ന മരുന്ന് കലർന്നതിനാലാണ് വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിക്കുന്നത്. മർക്കാൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ഈ മരുന്ന് മാറി കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
നിങ്ങളുടെ പക്കലുള്ള മരുന്ന് ശരിയായതാണോ എന്ന് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്. യഥാർത്ഥ മരുന്നായ MAR-Amlodipine വെള്ള നിറത്തിലുള്ളതും എട്ട് വശങ്ങളോടു കൂടിയതുമാണ്, ഇതിൽ 210 എന്നും 5 എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ മാറിവന്ന Midodrine ഗുളികകൾ വട്ടത്തിലുള്ളതും അതിൽ M2 എന്ന് അടയാളപ്പെടുത്തിയതുമാണ്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അബദ്ധത്തിൽ ഈ മരുന്ന് കഴിച്ചാൽ രക്തസമ്മർദ്ദം അപകടകരമാംവിധം ഉയരാനും തലകറക്കം, ബോധക്ഷയം, ആന്തരിക അവയവങ്ങൾക്ക് തകരാർ എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ പക്കൽ വൃത്താകൃതിയിലുള്ള മരുന്നുകൾ ഉണ്ടെങ്കിൽ അവ കഴിക്കാതെ ഉടനടി ഫാർമസിയിൽ തിരികെ നൽകുക. മരുന്ന് മാറി കഴിച്ചതിനെത്തുടർന്ന് നെഞ്ചുവേദന, ശക്തമായ തലവേദന, സംസാരിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Check your blood pressure medication after Health Canada announces recall



