ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇൻ്റർനെറ്റിൽ വ്യാപിക്കുന്നതോടെ, അത് നമ്മുടെ എഴുത്തിനെയും അതുവഴി ചിന്താരീതികളെയും മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ. ആളുകൾ ദൈനംദിന ജീവിതത്തിൽ ചാറ്റ്ബോട്ടുകളെ കൂടുതലായി ആശ്രയിക്കുന്നതിനാൽ, ഇത് മനുഷ്യന്റെ സർഗ്ഗാത്മകതയെ കുറയ്ക്കുമെന്നും ചിന്താ പ്രക്രിയകളെ മാറ്റിയേക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സുരക്ഷാ പ്ലാറ്റ്ഫോമായ ഇംപർവയുടെ (Imperva) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2024-ൽ ആദ്യമായി മനുഷ്യന്റെ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഓട്ടോമേറ്റഡ് ട്രാഫിക് ഇൻ്റർനെറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കണക്കുകൾ പൂർണ്ണമായും ശരിയാണോ എന്ന് പറയാൻ കഴിയില്ലെങ്കിലും, മുമ്പത്തേക്കാൾ കൂടുതൽ എ.ഐ ഉള്ളടക്കം ഓൺലൈനിൽ ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. എ.ഐയുടെ സ്വാധീനം കാരണം ആളുകളുടെ എഴുത്തിലും ഭാഷയിലും ഒരു ഏകീകൃത സ്വഭാവം കാണാൻ സാധിക്കുന്നുണ്ട്. ഇത് ഭാഷയുടെ സ്വാഭാവികതയെ ഇല്ലാതാക്കുമെന്നും അതുപോലെ നമ്മുടെ ചിന്തകളെയും ബാധിക്കുമെന്നും കനേഡിയൻ ഫ്യൂച്ചറിസ്റ്റായ സിനീഡ് ബോവൽ പറയുന്നു. “എ.ഐ. നമ്മുടെ ഭാഷയെ മാത്രമല്ല, ചിന്തകളെയും സ്വാധീനിച്ചു തുടങ്ങുന്നതിൽ എനിക്ക് ആശങ്കയുണ്ട്,” അവർ കൂട്ടിച്ചേർത്തു.
ഓൺലൈനിലെ പകുതിയിലധികം വിവരങ്ങളും എ.ഐ.യുടെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന് ബോവൽ പറയുന്നു. എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ എഴുത്തിൽ ഒരു ഏകീകൃത സ്വഭാവം താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കൂടാതെ, എ.ഐ. എഴുത്തിന്റെ ചില പ്രത്യേകതകളും അവർ ചൂണ്ടിക്കാട്ടി: നിഷ്പക്ഷമായ ശൈലി, ബുള്ളറ്റ് പോയിൻ്റുകൾ, പലപ്പോഴും യോജിക്കാത്ത രൂപകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഭാഷയുടെയും ചിന്തയുടെയും ഏകീകരണം ഓൺലൈനിൽ വർദ്ധിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസറായ മോർട്ടെസ ദെഹ്ഗാനി, ഈ ആശങ്കകൾ ശരിവെക്കുന്നു. ഇത് മനുഷ്യന്റെ കാഴ്ചപ്പാടുകളും യുക്തിചിന്തയും നഷ്ടപ്പെടുത്താൻ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2018 മുതൽ 2025 വരെയുള്ള റെഡ്ഡിറ്റ് പോസ്റ്റുകൾ, ശാസ്ത്രീയ പേപ്പറുകൾ, കമ്മ്യൂണിറ്റി പത്രങ്ങൾ എന്നിവ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പഠനം അദ്ദേഹവും സംഘവും ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. 2022 അവസാനത്തോടെ ചാറ്റ്ജിപിടി പുറത്തിറങ്ങിയതിനുശേഷം എ.ഐ. സൃഷ്ടിച്ച ടെക്സ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായും അവർ കണ്ടെത്തി.



