ഒട്ടാവ: മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കാനഡക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിപ്പിക്കാനായി അടുത്ത 72 മണിക്കൂറിനുള്ളിൽ പ്രത്യേക ചാർട്ടർ വിമാനങ്ങൾ സജ്ജമാക്കുമെന്ന് ബുധനാഴ്ച വൈകുന്നേരം വിളിച്ചുചേർത്ത അടിയന്തര വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ ഭാഗികമായി അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതുമാണ് കാനഡക്കാരെ പ്രതിസന്ധിയിലാക്കിയത്. യുഎഇയിൽ നിന്ന് മാത്രം 1,170 പേർ സർക്കാർ സഹായം തേടിയിട്ടുണ്ട്. ഇവരെ കൊണ്ടുപോകുന്നതിനായി യുഎഇ സർക്കാരിന്റെ വ്യോമപാത അനുമതിക്കായി കാത്തിരിക്കുകയാണെന്നും യാത്രാച്ചെലവിന്റെ ഒരു ഭാഗം യാത്രക്കാർ തന്നെ വഹിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ലഭ്യമായ കൊമേഴ്സ്യൽ വിമാനങ്ങളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.
യുഎഇക്ക് പുറമെ ഖത്തർ, ലെബനൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നും കാനഡക്കാരെ മാറ്റാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ലെബനനിൽ നിന്ന് പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കാനാണ് പദ്ധതി. ഇറാനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ അവിടെയുള്ളവർ അതിർത്തി കടന്ന് അയൽരാജ്യങ്ങളിൽ എത്തിയാൽ ആവശ്യമായ കോൺസുലർ സഹായം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. സഹായം ആവശ്യമുള്ളവർ വിദേശകാര്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Charter flights to evacuate Canadians stranded in UAE; Foreign Minister says action within 72 hours



