കൊടുങ്ങല്ലൂർ: കേരളക്കരയിൽ നിരോധനത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുമ്പോൾ, അതെ ഗൃഹാതുരത്വം ഉണർത്തുന്ന മണവും ഗുണവുമായി നമ്മുടെ സ്വന്തം ‘ചാരായം’ ലോക വിപണി കീഴടക്കാൻ ഒരുങ്ങുന്നു. 1996 ഏപ്രിൽ ഒന്നിന് എ.കെ. ആന്റണി സർക്കാർ നിരോധിച്ച ചാരായം, കൃത്യം മുപ്പത് വർഷങ്ങൾക്ക് ശേഷം 2026 ഏപ്രിൽ ഒന്നിന് യൂറോപ്യൻ വിപണിയിലെത്തും. കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ മോഹൻ എന്ന സംരംഭകനാണ് ഈ സാഹസികമായ തിരിച്ചുവരവിന് പിന്നിൽ.
പഴയ രുചി, പുതിയ വിപണി
പഴയ അതേ നിറം, മണം, രുചി എന്നിവ നിലനിർത്തിക്കൊണ്ടാണ് പുതിയ രൂപത്തിൽ ചാരായം എത്തുന്നത്. ചാരായത്തിന്റെ ഐക്കണിക് ലേബലും പണ്ട് ഷാപ്പുകളിൽ ലഭിച്ചിരുന്ന 90 മില്ലിയുടെ ‘പൊടിക്കുപ്പിയും’ പുതിയ പതിപ്പിലും മിഥുൻ നിലനിർത്തിയിട്ടുണ്ട്. ആൽക്കഹോൾ അളവ് കൃത്യം 33 ശതമാനമായിത്തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു. നിലവിൽ യൂറോപ്പിലെ പോളണ്ട് ആസ്ഥാനമാക്കിയാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്.
നിരോധനത്തിന് പിന്നിലെ കണ്ണീർ
തന്റെ ഈ നീക്കം വെറുമൊരു ബിസിനസ് മാത്രമല്ലെന്ന് മിഥുൻ മോഹൻ പറയുന്നു. 1996-ലെ നിരോധനത്തോടെ തൊഴിൽ നഷ്ടപ്പെട്ട 12,500-ഓളം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഓർമ്മ പുതുക്കൽ കൂടിയാണിത്. അന്ന് ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീകമായാണ് ഈ ഉൽപ്പന്നത്തെ മിഥുൻ കാണുന്നത്. വിദേശ രാജ്യങ്ങളുടെ പൈതൃക പാനീയങ്ങൾ ലോകമെങ്ങും ആഘോഷിക്കപ്പെടുമ്പോൾ, നമ്മുടെ നാടൻ പാനീയത്തെ നിരോധിച്ചത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

യൂറോപ്പിൽ ‘ചാരായം റിട്ടേൺ പാർട്ടി’
ഉൽപ്പന്നം വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യൻ മലയാളികൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. പോളണ്ട്, മാൾട്ട, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഇന്ത്യൻ റെസ്റ്റോറന്റുകൾ ഏപ്രിൽ ഒന്നിന് ‘ചാരായം റിട്ടേൺ പാർട്ടി’ സംഘടിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. പുതിയ തലമുറയ്ക്ക് പോലും ഈ പാനീയത്തോടുള്ള താല്പര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മിഥുൻ കൂട്ടിച്ചേർക്കുന്നു.
മിഥുൻ മോഹൻ: അന്താരാഷ്ട്ര പുരസ്കാര ജേതാവ്
കഴിഞ്ഞ 12 വർഷമായി യൂറോപ്പിൽ മദ്യവ്യവസായ രംഗത്ത് സജീവമാണ് മിഥുൻ. നേരത്തെ അദ്ദേഹം പുറത്തിറക്കിയ ആയുർവേദക്കൂട്ടുകൾ ചേർത്ത ‘ആയുർവോഡ്’ (Ayurvod) എന്ന വോഡ്ക 2025-ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് മലയാളിയുടെ സ്വന്തം ബ്രാൻഡ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Charayam' is returning after 30 years in exile; this time it's going to take the stage in Europe, with a Malayali entrepreneur behind it!



