ഒട്ടാവ: ഫെഡറൽ സർക്കാർ തങ്ങളുടെ പരസ്യ ബജറ്റിൽ വൻതോതിലുള്ള ക്രമീകരണം നടത്തിയതായി ട്രഷറി ബോർഡ് സെക്രട്ടേറിയറ്റ് പുറത്തുവിട്ട റിപ്പോർട്ട്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ, സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾക്ക് പകരം ദേശസ്‌നേഹവും സാമ്പത്തിക വളർച്ചയും പ്രമേയമാക്കിയുള്ള സന്ദേശങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. കോടിക്കണക്കിന് ആളുകൾ കാണുന്ന സൂപ്പർ ബൗൾ, വിന്റർ ഒളിമ്പിക്സ് തുടങ്ങിയ വലിയ കായിക വേദികളിൽ പരസ്യങ്ങൾക്കായി വൻതുക വിനിയോഗിച്ചാണ് സർക്കാർ ഈ നയം നടപ്പിലാക്കുന്നത്.
2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ–ഡിസംബർ) ഏകദേശം 1.7 കോടി ഡോളറാണ് പരസ്യങ്ങൾക്കായി ചെലവിട്ടത്. ഇതിൽ ‘ചൂസ് കാനഡ’ (Choose Canada) എന്ന കാമ്പെയ്‌നിനായി മാത്രം 30 ലക്ഷം ഡോളർ അനുവദിച്ചു. മുൻപ് മുൻഗണന നൽകിയിരുന്ന മുതിർന്ന പൗരന്മാർ, യുവാക്കൾ, തൊഴിലിടങ്ങളിലെ വൈവിധ്യം തുടങ്ങിയ വിഷയങ്ങളിലെ പരസ്യങ്ങൾ ഒഴിവാക്കിയാണ് പുതിയ കാമ്പെയ്‌നുകൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഇതോടൊപ്പം ‘ബിൽഡിംഗ് കാനഡാസ് ഇക്കണോമി’ എന്ന പ്രചാരണ പരിപാടിക്കായി 90 ലക്ഷം ഡോളറും വകയിരുത്തിയിട്ടുണ്ട്.
മാറുന്ന ആഗോള സാഹചര്യത്തിൽ സർക്കാരിന്റെ മുൻഗണനകളും പദ്ധതികളും ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കാനാണ് ഇത്തരം നീക്കമെന്ന് പ്രിവി കൗൺസിൽ ഓഫിസ് വക്താവ് അറിയിച്ചു. നവംബറിൽ അവതരിപ്പിച്ച ബജറ്റിൽ പരസ്യ ഫണ്ടിന്റെ പരിധി 2.5 കോടി ഡോളറായി ഉയർത്തിയിരുന്നു. വരും വർഷങ്ങളിലും പരസ്യങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കാനാണ് കാർണി സർക്കാരിന്റെ തീരുമാനം. ഫെബ്രുവരിയിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് അടക്കമുള്ള വേദികളിൽ കൂടുതൽ തുക ചെലവാക്കി ഡിജിറ്റൽ, ടെലിവിഷൻ പരസ്യങ്ങൾ നൽകുന്നത് തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Changes in government advertisements: Carney administration prioritizes patriotic messages



