ഹാലിഫാക്സ്: ഭരണപരമായ നൂലാമാലകളും കാലതാമസവും (Red Tape) കുറയ്ക്കുന്നതിൽ നോവ സ്കോഷ്യ പ്രവിശ്യയ്ക്ക് മികച്ച റേറ്റിംഗ്. കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് നോവ സ്കോഷ്യ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയത്. 2026-ൽ ഈ നേട്ടം കൈവരിക്കുന്ന കാനഡയിലെ മൂന്ന് പ്രവിശ്യകളിൽ ഒന്നായി നോവ സ്കോഷ്യ മാറി. അതേസമയം, അയൽ പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്കിനും പ്രിൻസ് എഡ്വേർഡ് ഐലൻഡിനും (PEI) പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
‘മേക്കിംഗ് ബിസിനസ് ഈസിയർ’; വിപ്ലവകരമായ മാറ്റവുമായി നോവ സ്കോഷ്യ
കഴിഞ്ഞ സെപ്റ്റംബറിൽ പ്രീമിയർ ടിം ഹൂസ്റ്റന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ നടപ്പിലാക്കിയ ‘മേക്കിംഗ് ബിസിനസ് ഈസിയർ ആക്ട്’ ആണ് നോവ സ്കോഷ്യയുടെ ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. വിവിധ മേഖലകളിലെ ബിസിനസ് അനുമതികൾ വേഗത്തിലാക്കാനും സർക്കാർ സംവിധാനങ്ങൾ ആധുനികവൽക്കരിക്കാനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. നോവ സ്കോഷ്യ സർക്കാർ തുടർച്ചയായി പുലർത്തുന്ന രാഷ്ട്രീയ ജാഗ്രതയും പ്രവർത്തനക്ഷമതയുമാണ് ഈ ഉന്നത സ്ഥാനത്തിന് അർഹമാക്കിയതെന്ന് സി.എഫ്.ഐ.ബി അറ്റ്ലാന്റിക് വൈസ് പ്രസിഡന്റ് ലൂയിസ് ഫിലിപ്പ് ഗൗതിയർ പറഞ്ഞു.
തിരിച്ചടിയായി നിയന്ത്രണങ്ങൾ; അയൽ പ്രവിശ്യകൾക്ക് ഗ്രേഡ് കുറഞ്ഞു
നോവ സ്കോഷ്യ നേട്ടം കൊയ്തപ്പോൾ പ്രിൻസ് എഡ്വേർഡ് ഐലൻഡിന് ‘സി’ ഗ്രേഡും ന്യൂ ബ്രൺസ്‌വിക്കിന് ‘സി മൈനസും’ ആണ് ലഭിച്ചത്. പി.ഇ.ഐയിൽ നിലവിലുണ്ടായിരുന്ന ‘റെഗുലേറ്ററി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്’ ലാപ്സായതാണ് അവർക്ക് തിരിച്ചടിയായത്. ന്യൂ ബ്രൺസ്‌വിക്ക് കഴിഞ്ഞ വർഷത്തേക്കാൾ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ബജറ്റിലും നയപ്രഖ്യാപനങ്ങളിലും ബിസിനസ് സൗഹൃദ നടപടികൾക്ക് വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമപരമായ ബാധ്യതകൾ, നിയന്ത്രണങ്ങളുടെ എണ്ണം, ഗവൺമെന്റിന്റെ മുൻഗണനകൾ എന്നിവ പരിശോധിച്ചാണ് ഫെഡറേഷൻ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
cfib-gives-ns-an-a-for-removing-red-tape-notes-room-for-improvement-in-nb-pei
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



