കാനഡ പൗരൻമാരെ കെണിയിൽപ്പെടുത്തി പണം തട്ടുന്ന റോയൽ ടൈഗർ ഗ്യാങ് സൈബർ തട്ടിപ്പുസംഘത്തിന്റെ തലവൻ പിടിയിൽ. പ്രിൻസ് ജസ്വന്ത്‌ലാൽ ആനന്ദ് മുംബൈയിൽവെച്ചാണ് സിബിഐയുടെ പിടിയിലായത്. മുംബൈയിലും അഹമ്മദാബാദിലുമായി ഇയാൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരച്ചിൽ നടന്നിരുന്നു. നിയമപാലകരെന്ന വ്യാജേന ഓൺലൈനിൽ ബന്ധപ്പെട്ട് പണം തട്ടാലായിരുന്നു ഇയാളുടെ രീതി. കാനഡ പൗരന്മാരെക്കൂടാതെ യുഎസ് പൗരന്മാരെയും ഇയാൾ ലക്ഷ്യംവെച്ചിരുന്നു.
ആഡംബരപൂർണമായ ജീവിതമാണ് പ്രതി നയിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. കാലങ്ങളായുള്ള തട്ടിപ്പിൽ വലിയ സമ്പാദ്യവും ആഡംബര കാറുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കിയിട്ടുണ്ട്. ഇയാൾ ഇടയ്ക്കിടെ രാജ്യാന്തര വിമാനയാത്രകൾ നടത്തിയതിന്റെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.



