വെല്ലിംഗ്ടൺ-ഡഫറിൻ-ഗുവൽഫ് പബ്ലിക് ഹെൽത്ത് (WDGPH) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സെന്റർ വെല്ലിംഗ്ടണിൽ കണ്ടെത്തിയ ഒരു വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചു. ഈ വർഷം പ്രദേശത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്. വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് വവ്വാലുമായി സമ്പർക്കത്തിലായ ഒരു വ്യക്തിക്ക് മുൻകരുതൽ എന്ന നിലയിൽ ചികിത്സ നൽകിത്തുടങ്ങി.
പേവിഷബാധ അപൂർവമാണെങ്കിലും, ചികിത്സിക്കാതെ വിട്ടാൽ അത് മാരകമാകുമെന്ന് WDGPH-ന്റെ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഡോ. മാത്യു ടെനെൻബോം പറഞ്ഞു. ഏതെങ്കിലും മൃഗം മാന്തുകയോ, കടിക്കുകയോ ചെയ്താൽ ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും പേവിഷബാധ ഏൽക്കാതെ ശ്രദ്ധിക്കാനുള്ള ചില മുൻകരുതലുകളും അദ്ദേഹം നിർദ്ദേശിച്ചു. രോഗം ബാധിച്ചതോ, പരിക്കേറ്റതോ ആയ മൃഗങ്ങളെ തൊടാതിരിക്കുക, വന്യമൃഗങ്ങളെയോ, പരിചയമില്ലാത്ത മൃഗങ്ങളെയോ സമീപിക്കരുത്, വന്യമൃഗങ്ങൾക്കോ, തെരുവ് മൃഗങ്ങൾക്കോ ഭക്ഷണം കൊടുക്കരുത്, വവ്വാലുകളെ വീട്ടിൽ നിന്ന് അകറ്റി നിർത്തുക എന്നിവ പ്രധാനമാണ്. കൂടാതെ, കാണുന്ന എല്ലാ വവ്വാലുകൾക്കും പേവിഷബാധയുണ്ടെന്ന് കരുതുക. കുട്ടികളെ വവ്വാലുകളിൽ നിന്ന് അകറ്റി നിർത്താൻ ശ്രദ്ധിക്കുക. അതുപോലെ വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് അകറ്റി നിർത്തുക.
അപ്രതീക്ഷിതമായി ഏതെങ്കിലും മൃഗത്തിന്റെ കടിയോ പോറലോ ഏൽക്കുകയാണെങ്കിൽ, ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. അതിനുശേഷം അടുത്തുള്ള ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ബന്ധപ്പെടുക. വളർത്തുമൃഗമാണ് കടിച്ചതെങ്കിൽ ഉടമയുടെ വിവരങ്ങൾ ശേഖരിക്കണം. വവ്വാലുമായി സമ്പർക്കമുണ്ടായാൽ ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Caution required! Bat infected with rabies in Central Wellington; One person in contact hospitalized



