തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കോടതി ഉത്തരവിട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതി പരിശോധിച്ച ശേഷം മ്യൂസിയം പോലീസിന് കേസെടുക്കാൻ നിർദേശം നൽകിയത്.
നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനുമായ ആർ. ജയചന്ദ്രൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ ബലാത്സംഗക്കേസിലെ ഇരകളുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും പരസ്യപ്പെടുത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമപരമായി അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പരസ്യമാക്കിയത് പോക്സോ നിയമത്തിലെ വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. മുൻപ് സംസ്ഥാന പോലീസിലെ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥ എന്ന നിലയിലും നിലവിൽ ജനപ്രതിനിധി എന്ന നിലയിലും കേസ് വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
case-has-been-ordered-against-r-sreelekha-for-disclosing-names-of-rape-victims
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



