റാപ്പർ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി രണ്ട് യുവതികൾ രംഗത്തെത്തി. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് കൈമാറും. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് അതിക്രമം നടന്നതെന്നാണ് ഒരു യുവതിയുടെ പരാതിയിലുള്ളത്. 2021ലാണ് രണ്ടാമത്തെ പരാതിക്കാസ്പദമായ സംഭവം നടന്നക്. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.
അതേസമയം, വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് ആദ്യം പരാതി നൽകിയ യുവതി ഹൈക്കോടതിയിൽ അറിയിച്ചു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.
വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ പരാതി നൽകുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി ലുക്കൗട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.
Two women write to Kerala CM about sexual abuse by rapper Vedan



