റോമിൽ പോപ്പ് ലിയോ പതിനാലാമന്റെ ഉദ്ഘാടന കുർബാനയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഞായറാഴ്ച ഒരു പ്രധാന കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ന്യായമായ വ്യാപാരം, അതിർത്തി സുരക്ഷ, ഫെന്റാനിലിനെതിരായ പോരാട്ടം, പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
“നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും ശക്തരാകുന്നതെന്നും. ഒരുമിച്ചുള്ള സഹകരണം പ്രധാനമാണെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി കാർണി വ്യക്തമാക്കി: നിലവിലുള്ള വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ശക്തമായ സാമ്പത്തിക-സുരക്ഷാ ബന്ധം കെട്ടിപ്പടുക്കുന്നതിനും ആശയവിനിമയം തുടരാൻ ഇരു കക്ഷികളും സമ്മതിച്ചു. ഫെന്റാനിൽ പോലുള്ള മാരകമായ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ശക്തമായി പ്രതികരിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി.
ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം നിലനിർത്തുന്നതിന് വളരെ നിർണായകമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു രാജ്യങ്ങൾ തമ്മിൽ വ്യാപാര മേഖലയിൽ ചില സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു. പ്രാദേശിക സുരക്ഷയും അതിർത്തി പ്രശ്നങ്ങളും സംബന്ധിച്ച് ഭാവിയിൽ കൂടുതൽ സഹകരണത്തിന് വേണ്ടിയുള്ള സംയുക്ത നടപടികൾ ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.



