കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനിടെ പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ട് നേതാക്കളും അടുത്ത ആഴ്ചകളിൽ നേരിട്ട് സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
കാനഡയിലെ അമേരിക്കൻ അംബാസഡർ പീറ്റ് ഹൂക്സ്ട്രാ ദി ഗ്ലോബ് ആൻഡ് മെയിൽ പത്രത്തോട് പറഞ്ഞതിനെ തുടർന്നാണ് ഈ വിവരം പുറത്തു വന്നത്. മെയ് മാസം തുടക്കത്തിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം കാർണിയും ട്രംപും നേരിട്ടുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഈ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല.
വ്യാപാര യുദ്ധത്തിനിടെ കാർണിയും ട്രംപും നയതന്ത്ര സംഭാഷണങ്ങൾ നടത്തുന്നത് സാധാരണമാണെന്നാണ് ഹൗസ് ഓഫ് കോമൺസിന്റെ ഫോയറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞത്.
“ഞങ്ങൾ ഇക്കാര്യം പൊതു വിധത്തിൽ പറയില്ല. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അവരുടെ ജോലി അനായാസം ചെയ്യാൻ കഴിയുന്നതിന് അനുവദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്,” ജോളി കൂട്ടിച്ചേർത്തു.
ട്രംപ് സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി താരിഫുകൾ 50 ശതമാനമായി ഉയർത്തിയോടെ ബുധനാഴ്ച മുതലാണ് കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായത്, ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെയും കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും സമ്മർദ്ദത്തിലാണ് കാർണിയും അദ്ദേഹത്തിന്റെ ലിബറൽ ഗവൺമെന്റും ഇപ്പോൾ.
കാർണി ട്രംപുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് തനിക്കറിയാമെന്നാണ് ഫോർഡ് വ്യാഴാഴ്ച ക്വീൻസ് പാർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
“അനുയോജ്യമായ സാഹചര്യം ഒരു കരാറിലെത്തുകയാണ്, അടുത്ത കുറച്ച് ദിവസങ്ങളിൽ ആ കരാർ ഉണ്ടാകുന്നില്ലെങ്കിൽ, അലുമിനിയത്തിലും സ്റ്റീലിലും നിലവിലുള്ള 25 ശതമാനം താരിഫിന് മുകളിൽ മറ്റൊരു 25 ശതമാനം താരിഫ് ചുമത്തേണ്ടിവരും,” ഫോർഡ് പറഞ്ഞു.



