കാൽഗറി: കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ അമൂല്യ സംഗീത കൃതികളിലൂടെ ഒരു യാത്രയൊരുക്കി ‘സാമോദം ചിന്തയാമി’ എന്ന കർണാട്ടിക് സംഗീത കച്ചേരി. സെപ്റ്റംബർ 21-ന് കാൽഗറിയിലെ റെൻഫ്രൂ കമ്മ്യൂണിറ്റി ഹാളിലാണ് (811 Radford Rd NE) ഈ സംഗീതവിരുന്ന്. ദക്ഷിണ ഭാരതസംഗീതത്തിന്റെ പാരമ്പര്യവും സൗന്ദര്യവും കാൽഗറിയിലെ സംഗീതാസ്വാദകർക്ക് പകർന്നു നൽകുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
സ്വാതിതിരുനാൾ മഹാരാജാവിൻ്റെ വിവിധ ഭാഷകളിലുള്ള കീർത്തനങ്ങൾ, പദങ്ങൾ, ഭജനങ്ങൾ, തില്ലാനകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കച്ചേരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, സംഗീതത്തെ പുതിയ തലങ്ങളിൽ ആസ്വദിക്കാൻ സഹായിക്കുന്ന ഒരു വേറിട്ട അവതരണശൈലിയാണ് ‘സാമോദം ചിന്തയാമി’യുടെ പ്രത്യേകത. പ്രശസ്ത സംഗീതജ്ഞ മമതാ നമ്പൂതിരിയാണ് കച്ചേരിക്ക് നേതൃത്വം നൽകുന്നത്.
മമതാ നമ്പൂതിരി (വോക്കൽ), ആദിത്യ നാരായണൻ (മൃദംഗം), മുകുന്ദ് കൃഷ്ണൻ (വയലിൻ) എന്നിവർ ചേർന്നാണ് സംഗീതസന്ധ്യക്ക് നിറം പകരുന്നത്. പ്രശസ്ത ചലച്ചിത്രതാരം ബാബു നമ്പൂതിരിയുടെ മകളാണ് മമതാ നമ്പൂതിരി. സംഗീതകച്ചേരിയിലേക്കുള്ള പ്രവേശനം പാസുകൾ വഴി നിയന്ത്രിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഗീതപ്രേമികൾക്ക് ഇത് അവിസ്മരണീയമായൊരു അനുഭവമായിരിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'Samodam Chintayami': Carnatic music festival in Calgary with works by Swathi Thirunal



