ഒന്റാരിയോ: ഒന്റാരിയോ ഫയർ കോഡിൽ വരുത്തിയ പരിഷ്കാരങ്ങൾ പ്രകാരം പ്രവിശ്യയിലെ വീടുകളിലെ ഓരോ നിലയിലും കാർബൺ മോണോക്സൈഡ് (CO) ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി. ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. മുൻപ് കിടപ്പുമുറികളോട് ചേർന്നുള്ള ഭാഗങ്ങളിൽ മാത്രം മതിയായിരുന്ന ഡിറ്റക്ടറുകൾ, ഇനി മുതൽ കിടപ്പുമുറികൾ ഇല്ലാത്ത നിലകളിലും സ്ഥാപിക്കണം. ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, അടുപ്പുകൾ, വീടിനോട് ചേർന്നുള്ള ഗാരേജുകൾ എന്നിവയുള്ള എല്ലാ വീടുകൾക്കും ഈ നിബന്ധന ബാധകമാണെന്ന് ഒട്ടാവ ഫയർ സർവീസസ് ഡിവിഷൻ ചീഫ് ഗ്വെൻ ലൂയിസ് വ്യക്തമാക്കി.
പുക പരിശോധിക്കുന്ന സ്മോക്ക് അലാറങ്ങൾക്ക് സമാനമായ നിയമമാണിതെന്നും രണ്ട് പരിശോധനകളും ഒരേസമയം നടത്തുന്ന ഡ്യുവൽ അലാറങ്ങളും ഉപയോഗിക്കാവുന്നതാണെന്നും ഗ്വെൻ ലൂയിസ് അറിയിച്ചു. അപ്പാർട്ട്‌മെന്റുകളിലും കോണ്ടോകളിലും ഇന്ധന ഉപകരണങ്ങളോ ഗാരേജുകളോ ഉണ്ടെങ്കിൽ ഓരോ നിലയിലും ഡിറ്റക്ടറുകൾ സ്ഥാപിക്കണം. വാടക വീടുകളിൽ ഡിറ്റക്ടറുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്തം ഉടമയ്ക്കായിരിക്കും. എന്നാൽ കോണ്ടോകളിൽ ചില സന്ദർഭങ്ങളിൽ ഉടമകൾ സ്വന്തമായി ഡിറ്റക്ടറുകൾ സ്ഥാപിക്കേണ്ടി വരുമെന്നും അവർ അറിയിച്ചു.
വീടുകളിൽ കാർബൺ മോണോക്സൈഡ് വർദ്ധിക്കാനുള്ള പ്രധാന കാരണം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലെ പോരായ്മയാണെന്ന് ഫയർ സർവീസസ് ചൂണ്ടിക്കാട്ടി. ചിമ്മിനികളിലെ തടസ്സങ്ങൾ, കൃത്യമായ അറ്റകുറ്റപ്പണി നടത്താത്ത ഫർണസുകൾ, ഹോട്ട് വാട്ടർ ടാങ്കുകൾ എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കും.
ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് വഴി അപകടങ്ങൾ കൂടാൻ സാധ്യതയുള്ളതിനാൽ വെന്റുകൾക്ക് പുറത്തെ മഞ്ഞ് നീക്കം ചെയ്ത് വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഡിറ്റക്ടറുകളുടെ പ്രവർത്തനം മാസത്തിലൊരിക്കൽ ബട്ടൺ അമർത്തി പരിശോധിക്കണമെന്നും ഇതോടൊപ്പം രക്ഷപ്പെടൽ പദ്ധതികൾ പരിശീലിക്കണമെന്നും ഗ്വെൻ ലൂയിസ് നിർദ്ദേശിച്ചു.
അലാറം മുഴങ്ങിയാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കുകയും വീടിന് പുറത്തിറങ്ങുകയും വേണം. കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടായാൽ വാതിലുകളോ ജനലുകളോ തുറന്നിടരുതെന്ന് ഫയർ സർവീസ് നിർദ്ദേശിച്ചു. വീട് പൂർണ്ണമായും അടച്ചിട്ടാൽ മാത്രമേ അഗ്നിശമന സേനയ്ക്ക് ഗ്യാസ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് ചോർച്ചയുടെ ഉറവിടം കൃത്യമായി കണ്ടെത്താൻ സാധിക്കൂ. സേനാംഗങ്ങൾ സ്ഥലത്തെത്തി വീട്ടുകാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യും.
നിറമോ മണമോ ഇല്ലാത്ത വാതകമായതിനാൽ കാർബൺ മോണോക്സൈഡ് സാന്നിധ്യം തിരിച്ചറിയുക പ്രയാസമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തലവേദന, ഓക്കാനം, തലകറക്കം, ആശയക്കുഴപ്പം, ഉറക്കം തൂങ്ങൽ എന്നിവയാണ് കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു. പുതിയ നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്റാറിയോ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Carbon monoxide detectors now mandatory in homes; New law comes into effect in Ontario



