ബെംഗളൂരുവിൽ വാടകയ്ക്ക് ഒരു വീട് അന്വേഷിക്കുന്ന ഒരു കനേഡിയൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേലബ് ഫ്രീസനാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.
‘പ്രതിമാസ വാടക 1.75 ലക്ഷം, സെക്യൂരിറ്റി ഡിപ്പോസിറ്റ് 19 ലക്ഷം രൂപ. വീട് വാടകയ്ക്കെടുക്കുമ്പോൾ നൽകുന്ന ഡിപ്പോസിറ്റുണ്ടെങ്കിൽ സ്വന്തമായ് ഒരു മഹീന്ദ്ര ഥാർ വാങ്ങാം’ എന്നായിരുന്നു പോസ്റ്റ്. ബെംഗളൂരുവിലെ ഡയമണ്ട് ഡിസ്ട്രിക്റ്റ്, ദോംലൂർ എന്നിവിടങ്ങളിലെ ഒരു അപ്പാർട്മെന്റിന്റെ (3BHK) വാടക വിവരങ്ങളടങ്ങിയ ഒരു സ്ക്രീൻഷോട്ട് ഉൾപ്പെടെയായിരുന്നു കേലബിന്റെ പോസ്റ്റ്.
‘സെക്യൂരിറ്റി ഡിപ്പോസിറ്റായി 19 ലക്ഷം രൂപ! ഈ അപ്പാർട്മെന്റിന്റെ ഉടമകൾ എന്താണ് വിചാരിക്കുന്നത്. ഇതിനേക്കാൾ കുറഞ്ഞ പണത്തിന് എനിക്ക് ഒരു പുതിയ മഹീന്ദ്ര ഥാർ വാങ്ങാൻ കഴിയും. ഇന്ദിരാനഗറിലോ പരിസരത്തോ 2-3 മാസത്തെ ഡിപ്പോസിറ്റ് മാത്രം ആവശ്യപ്പെടുന്ന, 80,000 മുതൽ 1 ലക്ഷം രൂപ വരെ വാടകയുള്ള ഒരു സ്ഥലം ആർക്കെങ്കിലും അറിയാമോ?’ -പ്രോപ്പർട്ടി ലിസ്റ്റിങ്ങിന്റെ ചിത്രം പങ്കുവച്ച് യുവാവ് കുറിച്ചു. നിമിഷനേരത്തിനുള്ളിൽ പോസ്റ്റ് വൈറലായി. ബെംഗളൂരുവിലെ താങ്ങാനാവാത്ത വാടകയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്. ഉയർന്ന വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റുകളും കാരണം തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പലരും പങ്കുവച്ചു.
ഇന്ത്യയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ കേലബ് ഫ്രീസൻ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, ബെംഗളൂരുവിലെ ട്രാഫിക്കിനെ മിസോറാമിലെ ഐസ്വാളിലെ ശാന്തമായ തെരുവുകളുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു.



