ഇന്ത്യയിൽ യാത്ര ചെയ്യുന്ന വിദേശ സഞ്ചാരികളിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമാണ് കനേഡിയൻ സഞ്ചാരിയായ ജസ്റ്റിന് പങ്കുവെക്കാനുള്ളത്. പൊതുവെ ഇവിടുത്തെ യാത്രാ സൗകര്യങ്ങളെക്കുറിച്ച് പരാതികൾ ഉയരാറുണ്ടെങ്കിലും, ഇന്ത്യൻ സ്ലീപ്പർ ബസുകളിലെ സൗകര്യത്തെ അദ്ദേഹം പ്രശംസിച്ച് രംഗത്തെത്തി. യൂറോപ്യൻ ദീർഘദൂര ബസുകളേക്കാൾ മികച്ചതും സൗകര്യപ്രദവുമാണ് ഇന്ത്യൻ സ്ലീപ്പർ ബസുകളെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. സുഹൃത്തുക്കളോടൊപ്പം ഇന്ത്യയിൽ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിൻ, കൊൽക്കത്തയിൽ വെച്ച് ഒരു സ്ലീപ്പർ ബസിൽ യാത്ര ചെയ്ത അനുഭവമാണ് വീഡിയോയിലൂടെ പങ്കുവെച്ചത്.
തന്റെ യാത്രാനുഭവം പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം സ്ലീപ്പർ ബസിന്റെ ഉൾഭാഗം കാണിക്കുന്നുണ്ട്. വലിയ കിടക്ക, തികച്ചും സൗജന്യമായി ലഭിച്ച ലഘുഭക്ഷണങ്ങൾ, ഒരു വാട്ടർ ബോട്ടിൽ, പുതപ്പ് തുടങ്ങിയ സൗകര്യങ്ങളെല്ലാം വീഡിയോയിൽ ജസ്റ്റിൻ എടുത്തുപറയുന്നു. യൂറോപ്പിലെ ദീർഘദൂര ബസുകളിൽ ഇത്തരം സൗകര്യങ്ങൾ തനിക്ക് അപൂർവ്വമായി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. അതുകൊണ്ടുതന്നെ, യൂറോപ്യൻ ബസുകൾ ഇന്ത്യൻ സ്ലീപ്പർ ബസുകളുടെ അടുത്തെങ്ങും വരില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തിൽ. ഈ യാത്രയെ അദ്ദേഹം “ഗംഭീരം” എന്നാണ് വിശേഷിപ്പിച്ചത്.
രാത്രിയിൽ ബസിൽ കയറി സുഖമായി ഉറങ്ങി, അടുത്ത ദിവസം രാവിലെ ലക്ഷ്യ സ്ഥാനത്ത് ഉന്മേഷത്തോടെ ഉണർന്നെത്തുന്ന യാത്രയുടെ ലാളിത്യമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ജസ്റ്റിൻ വിശദീകരിക്കുന്നു. ഇന്ത്യ സന്ദർശിക്കുന്ന എല്ലാ വിദേശ സഞ്ചാരികളോടും സ്ലീപ്പർ ബസുകളിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഈ സൗകര്യപ്രദമായ യാത്രയ്ക്ക് വെറും 15 ഡോളർ (ഏകദേശം 1,200 രൂപ) മാത്രമേ ടിക്കറ്റ് നിരക്കിന് ചെലവായൊള്ളൂവെന്നും, ഇത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്റ്റിൻ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെ നേടി വൈറലായി കഴിഞ്ഞു. ഇന്ത്യയിലെ യാത്രാ സൗകര്യങ്ങളെക്കുറിച്ച് നല്ലത് തുറന്നുപറഞ്ഞ അദ്ദേഹത്തിൻ്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian traveler praises Indian sleeper buses; says they are better than buses in Europe, video goes viral



