ഒട്ടാവ: കാനഡയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇനി ഇടപെടുന്നില്ലെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനെതിരെ ഭരണകക്ഷിയിലെ പ്രമുഖ എം.പി സുഖ് ധലിവാൽ രംഗത്തെത്തി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവന യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വാദം കാനഡയുടെ ദേശീയ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ സുരക്ഷിത താവളങ്ങളിൽ ഇരുന്ന് സംസാരിക്കുകയാണെന്നും താഴെത്തട്ടിൽ സിഖ് സമൂഹം നേരിടുന്ന ഭീഷണികളെക്കുറിച്ച് അവർക്ക് അറിവില്ലെന്നും ധലിവാൽ വിമർശിച്ചു. ഇന്ത്യ ഇടപെടലുകൾ തുടരുകയാണെങ്കിൽ പ്രധാനമന്ത്രി അവിടേക്ക് യാത്ര ചെയ്യില്ലായിരുന്നു എന്ന ഉദ്യോഗസ്ഥരുടെ വാദത്തെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നോട് പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
അതേസമയം, സറീയിൽ നടന്ന വാർത്താസമ്മേളനത്തിൽ സിഖ് ഫെഡറേഷൻ ഓഫ് കാനഡയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളെ വിഡ്ഢികളാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും സിഖ് വംശജർക്കെതിരെയുള്ള ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സിഖ് നേതാവ് മോനിന്ദർ സിംഗ് പറഞ്ഞു. അടുത്തിടെ അദ്ദേഹത്തിനും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായതായി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാടിനെ സംഘടനകൾ ചോദ്യം ചെയ്തത്.
കാനഡയിലെ വിദേശ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷണർ മേരി-ജോസി ഹോഗ്, ചൈനയ്ക്ക് ശേഷം കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത് ഇന്ത്യയാണെന്ന് കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ, ഇന്റലിജൻസ് ഏജൻസിയായ CSIS-ഉം ഇന്ത്യയുടെ ഇടപെടലുകളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനാൽ നിലവിലെ വിവാദങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് കനേഡിയൻ പോലീസ് (RCMP) വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Liberal MP, Canadian Sikhs reject assessment India no longer involved in foreign interference



