വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും മികച്ച ഓപ്ഷനാണ് കാനഡ. മനോഹരമായ പ്രകൃതിയും ഉയർന്ന ജീവിതനിലവാരവും കാനഡയെ കുടിയേറ്റക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. കാനഡയിലെ പെർമനന്റ് റെസിഡൻസി (പി.ആർ.) നേടുന്നത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പവും നിരവധി ആനുകൂല്യങ്ങൾ നൽകുന്നതുമാണ്.
എന്താണ് കനേഡിയൻ പി.ആർ.?
കനേഡിയൻ പി.ആർ. ഉള്ള ഒരാൾക്ക് കാനഡയിൽ എവിടെയും സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവാദമുണ്ട്. താത്കാലിക വിസകളിൽ നിന്ന് വ്യത്യസ്തമായി, വോട്ടവകാശവും ചില സർക്കാർ ജോലികളും ഒഴികെ ഒരു കനേഡിയൻ പൗരനുള്ള മിക്ക അവകാശങ്ങളും പി.ആർ. ഹോൾഡർക്ക് ലഭിക്കും. ഇത് പിന്നീട് കനേഡിയൻ പൗരത്വം നേടാനുള്ള വഴികൂടിയാണ്.
പി.ആർ. നേടാനുള്ള വഴികൾ:
എക്സ്പ്രസ് എൻട്രി: വിദഗ്ദ്ധരായ തൊഴിലാളികൾക്കായിട്ടുള്ള ഒരു പ്രോഗ്രാമാണിത്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP): ചില പ്രവിശ്യകളിൽ ആവശ്യമായ പ്രത്യേക കഴിവുകളുള്ളവർക്കുള്ളതാണ് ഈ പ്രോഗ്രാം.
കുടുംബ സ്പോൺസർഷിപ്പ്: കനേഡിയൻ പൗരന്മാരുടെയും പി.ആർ. ഹോൾഡർമാരുടെയും അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ളതാണ് ഈ വഴി.
സ്റ്റഡി-ടു-പി.ആർ. പാത്ത്വേ: വിദേശ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ വഴി
ആർക്കൊക്കെ അപേക്ഷിക്കാം?
വിദഗ്ദ്ധ തൊഴിലാളികളോ വിദ്യാർത്ഥികളോ ആയവർക്ക്.
18-നും 44-നും ഇടയിൽ പ്രായമുള്ളവർ.
ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമുള്ളവർ.
ആവശ്യത്തിന് സാമ്പത്തിക ഭദ്രതയുള്ളവർ.
ഉന്നത വിദ്യാഭ്യാസം നേടിയവർ.
നേരത്തെ കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടുള്ളവർ.
കനേഡിയൻ കമ്പനിയിൽ നിന്ന് ജോബ് ഓഫറുള്ളവർ.
എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: സർക്കാർ വെബ്സൈറ്റിലെ ഓൺലൈൻ ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് അനുയോജ്യമായ പ്രോഗ്രാം ഏതാണെന്ന് കണ്ടെത്തുക.
ഘട്ടം 2: പ്രായം, ജോലിപരിചയം, വിദ്യാഭ്യാസം, ഭാഷാ പ്രാവീണ്യം എന്നിവ രേഖപ്പെടുത്തി ഒരു എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉണ്ടാക്കുക.
ഘട്ടം 3: കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) വഴി അപേക്ഷകർക്ക് പോയിന്റുകൾ ലഭിക്കും. ഉയർന്ന സ്കോറുള്ളവർക്ക് പി.ആർ. അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും.
ഘട്ടം 4: ക്ഷണം ലഭിച്ചാൽ (Invitation to Apply – ITA) ആവശ്യമായ രേഖകൾ സമർപ്പിക്കുക.
ഘട്ടം 5: മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സാമ്പത്തിക രേഖകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുക.
ഘട്ടം 6: നിങ്ങളുടെ അപേക്ഷ Immigration, Refugees and Citizenship Canada (IRCC) പരിശോധിക്കും.
ഘട്ടം 7: അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, നിങ്ങൾക്ക് Confirmation of Permanent Residence (COPR) ലഭിക്കും. കാനഡയിൽ എത്തിയശേഷം പി.ആർ. കാർഡും ലഭിക്കും.
പ്രോസസിങ് സമയവും ചെലവും
അപേക്ഷകൾ പൂർത്തിയാവാൻ 6 മുതൽ 24 മാസം വരെ സമയമെടുക്കാം. എക്സ്പ്രസ് എൻട്രിക്ക് 6-12 മാസവും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് 12-18 മാസവും കുടുംബ സ്പോൺസർഷിപ്പിന് 12-24 മാസവും വരെയാണ് സാധാരണയായി എടുക്കാറ്.
അപേക്ഷാ ഫീസ് ഒരു അപേക്ഷകന് ഏകദേശം CAD 1,525 (ഏകദേശം ₹85,583). പങ്കാളിക്കും ഇതേ തുക നൽകണം. ഓരോ കുട്ടിക്കും അധികമായി CAD 260 (ഏകദേശം ₹14,728) നൽകേണ്ടിവരും. ഇത് കൂടാതെ, ഭാഷാ പരീക്ഷ, മെഡിക്കൽ പരിശോധന, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കും പണം ചെലവാകും.
ഉയർന്ന ജീവിതനിലവാരവും തൊഴിലവസരങ്ങളും കാരണം കനേഡിയൻ പി.ആർ. ഇന്ത്യക്കാർക്ക് വളരെ പ്രയോജനകരമാണ്. താരതമ്യേന എളുപ്പമുള്ള പ്രോസസാണ് കാനഡയിലേക്കുള്ള പി.ആർ. അപേക്ഷകൾക്കായുള്ളത്.
Get Canadian PR; There are many ways for Malayalis, everything you need to know is in one click



