ഒട്ടാവ: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പുതിയ ഹെൻലി ഗ്ലോബൽ പാസ്‌പോർട്ട് റാങ്കിംഗിൽ കാനഡയ്ക്ക് വൻ മുന്നേറ്റം. ഈ വർഷം ജനുവരിയിൽ എട്ടാം സ്ഥാനത്തായിരുന്ന കാനഡ ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ കനേഡിയൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ലോകത്തെ 182 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയില്ലാതെ (Visa-free) യാത്ര ചെയ്യാൻ സാധിക്കും. വടക്കേ അമേരിക്കയിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടും ഇപ്പോൾ കാനഡയുടേതാണ്. പത്താം സ്ഥാനത്തുള്ള അമേരിക്കൻ പാസ്‌പോർട്ടിനേക്കാൾ ഏറെ മുന്നിലാണ് ഇപ്പോൾ കാനഡ.
ചൈനയിലേക്കുള്ള വിസ രഹിത പ്രവേശനം തുണയായി
അടുത്തിടെയുണ്ടായ നയതന്ത്ര വിജയങ്ങളാണ് കാനഡയുടെ റാങ്കിംഗ് മെച്ചപ്പെടുത്തിയത്. പ്രത്യേകിച്ച് 2026 ഫെബ്രുവരി 17 മുതൽ കനേഡിയൻ പൗരന്മാർക്ക് ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതി ലഭിച്ചത് വലിയ നേട്ടമായി. ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി 30 ദിവസം വരെ കനേഡിയൻ പൗരന്മാർക്ക് വിസയില്ലാതെ ചൈനയിൽ താമസിക്കാം. മുൻപ് വിസയ്ക്കായി വലിയ കടമ്പകൾ കടക്കണമായിരുന്നെങ്കിൽ പുതിയ മാറ്റം കാനഡയുടെ യാത്രാ സ്വാതന്ത്ര്യം വർദ്ധിപ്പിച്ചു.
റാങ്കിംഗിലെ മറ്റു പ്രമുഖർ
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി സിംഗപ്പൂർ നിലനിർത്തി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്കൊപ്പം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) രണ്ടാം സ്ഥാനം പങ്കിടുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ്. ബ്രിട്ടൻ ആറാം സ്ഥാനത്താണ്.
എങ്ങനെ കനേഡിയൻ പാസ്‌പോർട്ട് നേടാം?
വിദേശികൾക്ക് കനേഡിയൻ പാസ്‌പോർട്ട് ലഭിക്കുന്നതിന് പ്രധാനമായും അഞ്ച് ഘട്ടങ്ങളാണുള്ളത്. ആദ്യം കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി (PR) നേടുക, തുടർന്ന് അഞ്ച് വർഷത്തിനിടെ 1,095 ദിവസമെങ്കിലും കാനഡയിൽ താമസിക്കുക, പൗരത്വ പരീക്ഷ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്യുക എന്നിവയാണ് പ്രധാന നിബന്ധനകൾ. കൂടാതെ, പുതിയ ‘ബിൽ സി-3’ നിയമപ്രകാരം കനേഡിയൻ മാതാപിതാക്കളോ മുത്തശ്ശിമാരോ ഉള്ളവർക്ക് നേരിട്ട് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സൗകര്യവും കാനഡ ഒരുക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian passport grows stronger in latest global rankings



