മെക്സിക്കോ: മെക്സിക്കോയിലെ റിസോർട്ടിൽ വെച്ച് കാമുകി കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കപ്പെട്ടിരുന്ന കനേഡിയൻ യുവാവ് റയൻ ഫ്രിസൺ ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. 2023-ൽ നടന്ന കിയാര ആഗ്ന്യുവിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താൻ നിരപരാധിയാണെന്നും റയൻ അവകാശപ്പെട്ടു. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.
2023 മാർച്ച് 3-നാണ് കാനഡ സ്വദേശിയായ കിയാര ആഗ്ന്യു (23) മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിൽ ക്രൂരമായി കൊല്ലപ്പെട്ടത്. തന്റെ 24-ാം ജന്മദിനം ആഘോഷിക്കാൻ എത്തിയ കിയാരയെ റിസോർട്ടിലെ ലാണ്ട്രി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം പുരണ്ട നിലയിൽ കണ്ട റയനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, 2024 സെപ്റ്റംബറിൽ മെക്സിക്കൻ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ വിധിയിൽ കാനഡയിൽ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഒരു മജിസ്ട്രേറ്റ് ഇപ്പോൾ കേസ് പുനഃപരിശോധിക്കുകയാണ്.
സംഭവം നടന്ന രാത്രിയിൽ തങ്ങൾക്കിടയിൽ വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് താൻ ഉറങ്ങിപ്പോയെന്നും റയൻ പറയുന്നു. കിയാരയുടെ നിലവിളി കേട്ടാണ് താൻ ഉണർന്നതെന്നും ലാണ്ട്രി മുറിയിൽ എത്തിയപ്പോൾ മൂന്നോ നാലോ പേർ ചേർന്ന് അവളെ ആക്രമിക്കുന്നത് കണ്ടുവെന്നുമാണ് റയന്റെ വിശദീകരണം. കിയാരയുടെ നഖങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ തന്റേതല്ലെന്നും അജ്ഞാതനായ മറ്റൊരു പുരുഷന്റേതാണെന്നും ഇത് തന്റെ നിരപരാധിത്വത്തിന് തെളിവാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
റയന്റെ വാദങ്ങൾ മെക്സിക്കൻ കോടതി ഭാഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഫോറൻസിക് വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. നഖങ്ങൾക്കിടയിൽ പ്രതിയുടെ ഡിഎൻഎ ഉണ്ടാകണമെന്നത് നിർബന്ധമില്ലെന്നാണ് കാനഡയിലെ ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, റയന്റെ വിശദീകരണം വിശ്വസിക്കുന്നുവെന്ന് കിയാരയുടെ അമ്മ വ്യക്തമാക്കി. ഈ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്ന ‘ഇഫ് ഐ ആം എവർ ഫൗണ്ട് ഡെഡ്’ എന്ന ഡോക്യുമെന്ററി വരും ദിവസങ്ങളിൽ പുറത്തിറങ്ങും. കേസിൽ മെക്സിക്കൻ കോടതിയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mexico murder case: Canadian man pleads innocent



