ഒട്ടാവ: കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസ് ഉദ്യോഗസ്ഥർ തന്റെ ഡിഎൻഎ (DNA) സാമ്പിൾ നിർബന്ധപൂർവ്വം ശേഖരിച്ചെന്ന വെളിപ്പെടുത്തലുമായി കനേഡിയൻ പൗരൻ. ഒണ്ടാറിയോയിലെ കിൻകാർഡിൻ സ്വദേശിയായ കെവിൻ ലാർസണാണ് അമേരിക്കൻ അതിർത്തി രക്ഷാസേനയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത തന്നോട് കുറ്റവാളിയോടെന്ന പോലെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് ലാർസൺ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 18-നായിരുന്നു വിവാദമായ സംഭവം. മിഷിഗണിലെ പോർട്ട് ഹ്യൂറോണിൽ നടന്ന ‘നോ കിംഗ്‌സ്’ (No Kings) പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു റിട്ടയേർഡ് ഹെൽത്ത് ഫിസിസിസ്റ്റ് ആയ കെവിൻ ലാർസൺ. അതിർത്തിയിൽ വെച്ച് ‘റാൻഡം ചെക്കിംഗിന്റെ’ ഭാഗമായി ലാർസന്റെ വാഹനം ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ഫോട്ടോയും വിരലടയാളവും ശേഖരിച്ച ഉദ്യോഗസ്ഥർ മണിക്കൂറുകളോളം അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഒടുവിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥർ, മടങ്ങിപ്പോകുന്നതിന് മുൻപായി ഡിഎൻഎ സാമ്പിൾ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഡിഎൻഎ നൽകാൻ ആദ്യം ലാർസൺ തയ്യാറായില്ല. രണ്ട് തവണ അദ്ദേഹം ആവശ്യം നിരസിച്ചു. എന്നാൽ പിന്നീട് ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയ സൂപ്പർവൈസർ, സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഭീഷണിപ്പെടുത്തിയതായി ലാർസൺ പറയുന്നു. അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് അഞ്ചുവർഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഒടുവിൽ താൻ സാമ്പിൾ നൽകാൻ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് കോൺഗ്രസ് അംഗങ്ങളായ ഡെബി ഡിംഗൽ, ജാമി റാസ്കിൻ എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്തിനാണ് ഒരു സാധാരണ പൗരന്റെ ഡിഎൻഎ ശേഖരിച്ചതെന്നും ഇത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അവർ യുഎസ് നീതിന്യായ വകുപ്പിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും കത്തയച്ചു. കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികൾ ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
അതിർത്തിയിൽ തടയപ്പെട്ടതിനെത്തുടർന്ന് മിഷിഗണിലെ റാലിയിൽ പങ്കെടുക്കാൻ ലാർസണ് സാധിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളിൽ കാനഡയിൽ റാലികൾ സംഘടിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ കൈവശം കനേഡിയൻ പതാക മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു പൗരൻ എന്ന നിലയിൽ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിന് ഒരു മാസത്തിന് ശേഷം ഇതേ അതിർത്തി വഴി ലാർസൺ വീണ്ടും യുഎസിലേക്ക് യാത്ര ചെയ്തിരുന്നു. അന്ന് ഒരു മണിക്കൂറോളം പരിശോധനകൾ നീണ്ടെങ്കിലും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചു.
canadian-man-denied-entry-forced-to-submit-dna-sample-at-us-border
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




