ലൊസാഞ്ചലസ് : 98-ാമത് അക്കാദമി അവാർഡുകളിൽ കനേഡിയൻ ആനിമേഷൻ സിനിമകൾക്ക് വൻ നേട്ടം. ടൊറന്റോയിൽ നിന്നുള്ള മഗ്ഗി കാങ് സംവിധാനം ചെയ്ത ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ (KPop Demon Hunters) മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ സ്വന്തമാക്കി. നെറ്റ്ഫ്ലിക്സിൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സിനിമയെന്ന റെക്കോർഡ് നിലനിൽക്കെയാണ് ചിത്രത്തെ തേടി ഓസ്കാർ നേട്ടമെത്തുന്നത്.
ആനിമേഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മോൺട്രിയലിൽ നിന്നുള്ള ക്രിസ് ലാവിസ്, മാസിക് ഷെർബോവ്സ്കി എന്നിവർ ചേർന്ന് ഒരുക്കിയ ‘ദി ഗേൾ ഹു ക്രൈഡ് പേൾസ്’ (The Girl Who Cried Pearls) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 18 വർഷങ്ങൾക്ക് മുൻപ് ‘മാഡം ട്യൂട്ട്ലി-പുട്ട്ലി’ എന്ന ചിത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇവർക്ക് ഇത് കരിയറിലെ വലിയൊരു നാഴികക്കല്ലാണ്.
മികച്ച ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ മോൺട്രിയൽ സംവിധായിക അലിസൺ മക്ആൽപൈന്റെ ‘പെർഫെക്റ്റ്ലി എ സ്ട്രേഞ്ച്നെസ്’ (Perfectly a Strangeness) ശ്രദ്ധേയമായ സാന്നിധ്യമായി. ചിലിയിലെ അറ്റകാമ മരുഭൂമിയിലെ പഴയ നിരീക്ഷണ കേന്ദ്രത്തിൽ കഴുതകൾ നടത്തുന്ന പര്യവേക്ഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കൂടാതെ, മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച കനേഡിയൻ കലാകാരന്മാരും ഇത്തവണ ഓസ്കാർ വേദിയിൽ തിളങ്ങി. ആനിമേഷൻ രംഗത്ത് കാനഡയുടെ ആഗോള സ്വാധീനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ ഓസ്കാർ നേട്ടങ്ങൾ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canadian ‘KPop Demon Hunters’ creator, Montreal animators win Oscars



