ടൊറന്റോ: അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും കാനഡയിലെ പ്രമുഖ ബാങ്കുകളെല്ലാം ഈ പാദത്തിൽ പ്രതീക്ഷകൾക്ക് മുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട്. യുഎസുമായി നിലനിൽക്കുന്ന വ്യാപാരയുദ്ധം വെല്ലുവിളികൾ ഉയർത്തിയെങ്കിലും, ബാങ്കുകളുടെ മൂന്നാം പാദ വരുമാനം വിപണിയെ ആകർഷിച്ചു. റോയൽ ബാങ്ക് ഓഫ് കാനഡ (RBC), ടൊറന്റോ-ഡോമിനിയൻ ബാങ്ക് (TD), ബാങ്ക് ഓഫ് മോൺട്രിയൽ (BMO), ബാങ്ക് ഓഫ് നോവ സ്കോഷ്യ (സ്‌കോട്ടിയാബാങ്ക്), കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (CIBC), നാഷണൽ ബാങ്ക് ഓഫ് കാനഡ എന്നിവയുടെ പ്രകടനത്തെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ പ്രതികരണങ്ങൾ ശ്രദ്ധേയമാണ്.
ബാങ്ക് ഓഫ് മോൺട്രിയൽ (BMO) മൂന്നാം പാദത്തിൽ $2.33 ബില്യൺ അറ്റാദായം നേടി, മുൻ വർഷത്തെ $1.87 ബില്യണിനേക്കാൾ വലിയ മുന്നേറ്റമാണിത്. ബാങ്കിന്റെ യുഎസ് പേഴ്‌സണൽ ആൻഡ് കൊമേഴ്സ്യൽ ബാങ്കിങ് യൂണിറ്റിലെ വളർച്ചയാണ് ഈ നേട്ടത്തിന് പ്രധാന കാരണം. അതേസമയം, വായ്പകളുടെ തിരിച്ചടവ് മുടങ്ങാൻ സാധ്യതയുള്ളതിനാൽ ഇതിനായി നീക്കിവെച്ച കരുതൽ ധനത്തിന്റെ (provisions for credit losses) അളവ് കുറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നൽകാൻ സഹായിച്ചതായി ജെ. സെച്നർ അസോസിയേറ്റ്സ് സ്ഥാപകൻ ജോൺ സെച്നർ പറഞ്ഞു.
സ്‌കോട്ടിയാബാങ്കിന്റെ വരുമാനം മുൻ വർഷത്തെ $1.91 ബില്യണിൽ നിന്ന് $2.53 ബില്യണായി ഉയർന്നു. 2023-ൽ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടപ്പാക്കിയ ദീർഘകാല തന്ത്രങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സിഇഒ സ്കോട്ട് തോംസൺ പറഞ്ഞു. ‘വോളിയത്തേക്കാൾ മൂല്യത്തിന്’ ഊന്നൽ നൽകിയുള്ള സമീപനം ബാങ്കിന്റെ എല്ലാ ബിസിനസ് വിഭാഗങ്ങളിലും മികച്ച ഫലങ്ങൾ ഉണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
റോയൽ ബാങ്ക് ഓഫ് കാനഡ (RBC) പ്രതീക്ഷകളെ മറികടന്നു: കാനഡയിലെ ഏറ്റവും വലിയ ബാങ്കായ ആർബിസി മൂന്നാം പാദത്തിൽ $5.4 ബില്യൺ ലാഭം നേടി. തലേവർഷം ഇത് $4.5 ബില്യൺ ആയിരുന്നു. ബാങ്കിൻ്റെ മൂലധന വിപണി, വെൽത്ത് മാനേജ്‌മന്റ്, വ്യക്തിഗത-വാണിജ്യ ബാങ്കിങ് വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് ഈ മുന്നേറ്റത്തിന് കാരണം. എന്നാൽ, മറ്റ് ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ആർബിസി മോശം വായ്പകൾക്കായി മാറ്റിവെച്ച തുക വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ $659 മില്യണിൽ നിന്ന് $881 മില്യണായി ഇത് ഉയർന്നു. എന്നിരുന്നാലും, പ്രതീക്ഷിച്ചതിലും കുറഞ്ഞ തുക മാത്രം നീക്കിവെച്ചത് ആർബിസിയുടെ മികച്ച പ്രകടനത്തിന് സഹായകമായി.
‘ബിഗ് 6’ ബാങ്കുകളിൽ നാഷണൽ ബാങ്ക് ഓഫ് കാനഡ മാത്രമാണ് മൂന്നാം പാദത്തിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയത്. കഴിഞ്ഞ പാദത്തിൽ റെക്കോർഡ് ലാഭം നേടിയ മൂലധന വിപണി വിഭാഗം ഈ തവണ മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതാണ് ഇതിന് കാരണം. കനേഡിയൻ വെസ്റ്റേൺ ബാങ്കിനെ അടുത്തിടെ ഏറ്റെടുത്തതിൻ്റെ ഫലമായുള്ള പ്രവർത്തനപരമായ വെല്ലുവിളികളും ബാങ്കിന്റെ പ്രകടനത്തെ ബാധിച്ചു.
സിഐബിസി പ്രതീക്ഷകളെ മറികടന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തെ $1.93-ൽ നിന്ന് $2.16-ലേക്ക് ഓഹരി വരുമാനം ഉയർന്നു. സിഇഒ വിക്ടർ ഡോഡിഗ് പറയുന്നത് അനുസരിച്ച്, യുഎസ് ട്രംപ് ഭരണകൂടത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന വ്യാപാര-സാമ്പത്തിക നയങ്ങൾ കാരണം ഭാവിയിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം, പലിശനിരക്ക് കുറയുന്നത് സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ടിഡി ബാങ്കിന്റെ മൂന്നാം പാദ വരുമാനം കഴിഞ്ഞ വർഷത്തെ $14.2 ബില്യണിൽ നിന്ന് $15 ബില്യണായി ഉയർന്നു. ബാങ്കിന്റെ യുഎസ് ബിസിനസിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടിഡി നടത്തിയത്. 2024-ൽ $3 ബില്യൺ പിഴയടച്ചശേഷം യുഎസ് ബിസിനസ്സ് പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ഇത് വേഗത്തിൽ നടന്ന ഒരു തിരിച്ചുവരവാണെന്നും ബാങ്കിൻ്റെ ഓഹരികൾക്ക് ഇത് നേട്ടമായെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കാനഡയിലെ മുൻനിര ബാങ്കുകളുടെ ഈ പാദത്തിലെ മികച്ച പ്രകടനം അവരുടെ ഓഹരി വിലകൾക്ക് വിപണിയിലെ പൊതുവായ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാൻ സഹായകമായി.



