ടൊറന്റോ: കാനഡക്കാർക്ക് വിരമിക്കൽ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശരാശരി 1.7 മില്യൺ സമ്പാദ്യമായി വേണമെന്ന് ബാങ്ക് ഓഫ് മോൺട്രിയൽ (BMO) റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 1.54 മില്യൺ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിരമിക്കൽ സമ്പാദ്യത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. വർധിച്ചുവരുന്ന വീട്ടുവാടകയും മറ്റ് ജീവിതച്ചെലവുകളുമാണ് ഈ തുക ഉയരാൻ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ വിവിധ പ്രവിശ്യകൾക്കിടയിൽ വിരമിക്കൽ സമ്പാദ്യത്തെക്കുറിച്ചുള്ള ധാരണയിൽ വലിയ വ്യത്യാസങ്ങളുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലുള്ളവർക്ക് 2.2 മില്യൺ വേണമെന്ന് അഭിപ്രായമുള്ളപ്പോൾ അറ്റ്ലാന്റിക് കാനഡയിൽ ഇത് 928,000 കനേഡിയൻ ഡോളർ മാത്രമാണ്. ഒന്റാരിയോയിൽ 1.9 മില്യൺ കനേഡിയൻ ഡോളറും ആൽബർട്ടയിൽ 1.66 മില്യൺ കനേഡിയൻ ഡോളറുമാണ് പ്രതീക്ഷിക്കുന്ന ശരാശരി തുക. എന്നാൽ നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ കഴിയുമോ എന്ന കാര്യത്തിൽ 36 ശതമാനം പേരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 29 ശതമാനം മാത്രമായിരുന്നു.
സേവിംഗ്സ് രീതികളിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. വരുമാനത്തിന്റെ പത്ത് ശതമാനമെങ്കിലും വിരമിക്കലിനായി മാറ്റിവെക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുമ്പോൾ 28 ശതമാനം പേർ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് നീക്കിവെക്കുന്നത്. അതേസമയം, മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിരമിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 14 ശതമാനം പേർ ജോലിയിൽ നിന്ന് വിരമിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി. ഇതിൽ മില്ലേനിയൽസ്, gen Z വിഭാഗത്തിലുള്ള യുവാക്കളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Canada's retirement savings goal increases significantly; BMO survey report released



