ടൊറന്റോ: കുടിയേറ്റ നിയമങ്ങളിൽ കാനഡ സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന് രാജ്യത്തെ ജനസംഖ്യയിൽ വൻ ഇടിവ്. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസത്തിനിടെ ജനസംഖ്യയിൽ 76,068 പേരുടെ കുറവുണ്ടായതായി ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. 1940-കൾക്ക് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ജനസംഖ്യാ ഇടിവാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
താൽക്കാലിക താമസക്കാരുടെ (Non-permanent residents) എണ്ണത്തിലുണ്ടായ കുറവാണ് ജനസംഖ്യാ ഇടിവിന് പ്രധാന കാരണമായത്. 2027-ഓടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് കാനഡ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക വിദേശ തൊഴിലാളികൾക്കും നൽകുന്ന വിസകളിൽ വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി 2022-ൽ കാനഡ കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്ന് പത്ത് ലക്ഷത്തിലധികം ആളുകളാണ് ആ വർഷം പുതുതായി കാനഡയിലെത്തിയത്. എന്നാൽ, പെട്ടെന്നുണ്ടായ ഈ ജനസംഖ്യാ വർധനവ് രാജ്യത്തെ ഭവന നിർമ്മാണ മേഖലയെയും സാമൂഹിക സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കാൻ കാരണമായെന്നും ആക്ഷേപം ഉയർന്നിരുന്നു.
കുടിയേറ്റ സംവിധാനത്തിൽ മെച്ചപ്പെട്ട നിയന്ത്രണം കൊണ്ടുവരുന്നതിനും രാജ്യത്തിന്റെ ഉൾക്കൊള്ളാനുള്ള ശേഷിക്കനുസരിച്ച് ആളുകളെ സ്വീകരിക്കുന്നതിനുമാണ് നിലവിലെ മാറ്റമെന്ന് ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കി. താൽക്കാലിക താമസക്കാരുടെ എണ്ണം അടുത്ത വർഷത്തോടെ 6,73,650-ൽ നിന്ന് 3,85,000 ആയി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2027-28 വർഷങ്ങളിൽ ഇത് വീണ്ടും കുറയ്ക്കാനും പദ്ധതിയുണ്ട്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പ്രാഥമിക കണക്കുകൾ പ്രകാരം 2025-ന്റെ മൂന്നാം പാദത്തിൽ രാജ്യത്തെ ജനസംഖ്യയിൽ 0.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിലെ കണക്കനുസരിച്ച് 28 ലക്ഷത്തിലധികം താൽക്കാലിക താമസക്കാരാണ് കാനഡയിലുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 6.8 ശതമാനമാണ്. ഇത് അഞ്ച് ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
കാനഡയിലെ പ്രധാന പ്രവിശ്യകളായ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ജനസംഖ്യയിൽ കാര്യമായ കുറവുണ്ടായത്. അതേസമയം, ആൽബർട്ട, നുനാവട്ട് എന്നീ പ്രദേശങ്ങളിൽ ജനസംഖ്യയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് കാനഡയിൽ ഇത്തരമൊരു ജനസംഖ്യാ മാറ്റം സംഭവിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada's population declines by at least 76,000; immigration policy shows results, report says



