ഒട്ടാവ: കാനഡയുടെ ജനസംഖ്യാ വളർച്ചയിൽ ചരിത്രപരമായ മാറ്റം രേഖപ്പെടുത്തി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് പുറത്ത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഇടിവ് രേഖപ്പെടുത്തുന്നത്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നാം പാദത്തിൽ ഏകദേശം 76,068 പേരുടെ കുറവാണ് രാജ്യത്തെ ആകെ ജനസംഖ്യയിൽ ഉണ്ടായത്.
ഫെഡറൽ സർക്കാർ അടുത്തിടെ നടപ്പിലാക്കിയ കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഈ കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോൺ പെർമെനന്റ് റെസിഡന്റ്സിന്റെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവാണ് ഈ മാറ്റത്തിന് പിന്നിൽ. കഴിഞ്ഞ പാദത്തിൽ മാത്രം 1,76,479 താൽക്കാലിക താമസക്കാരുടെ കുറവാണ് രേഖപ്പെടുത്തിയത്. 1971-ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു കുറവ് ഈ വിഭാഗത്തിൽ ഉണ്ടാകുന്നത്.
2025 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ആകെ ജനസംഖ്യ 4,15,75,585 ആണ്. ഏകദേശം 3,39,505 താൽക്കാലിക വിസകളുടെ കാലാവധി കഴിഞ്ഞ പാദത്തിൽ അവസാനിച്ചു. എന്നാൽ പുതിയതായി നൽകിയത് 1,63,026 വിസകൾ മാത്രമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളിൽ ഉണ്ടായ നിയന്ത്രണം ജനസംഖ്യ കുറയുന്നതിൽ വലിയ പങ്കുവഹിച്ചു. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. ജനസംഖ്യയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും, 1,02,867 പേർക്ക് ഇക്കാലയളവിൽ പി.ആർ. (Permanent Residency) നൽകിയിട്ടുണ്ട്. ഇത് മുൻ നിശ്ചയിച്ച ഇമിഗ്രേഷൻ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.
രാജ്യത്തെ പാർപ്പിട സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോൾ ജനസംഖ്യാ വളർച്ചയിൽ ഇത്തരമൊരു മാറ്റം ദൃശ്യമാകുന്നത്. വരും പാദങ്ങളിലും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Immigration Restrictions Work! Canada’s Population Declines



