കപിൽ ശർമ്മയുടെ കഫേയിൽ നടന്ന വെടിവെപ്പുകൾ ഉൾപ്പെടെ, കാനഡയിൽ വർധിച്ചുവരുന്ന ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കാനഡയിലെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒന്റാറിയോ എന്നിവിടങ്ങളിലെ സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്കിടയിൽ ബിഷ്ണോയി സംഘം ഭീകരത സൃഷ്ടിക്കുകയാണെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ പൊതുസുരക്ഷാ വിഭാഗം നേതാവ് ഫ്രാങ്ക് കാപ്പുട്ടോ പറഞ്ഞു. ക്രിമിനൽ കോഡിലെ ഭീകര സംഘടനയുടെ നിർവചനത്തിന് ബിഷ്ണോയി സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താമെന്ന് കാപ്പുട്ടോ ചൂണ്ടിക്കാട്ടി. ഭീകരസംഘടനായി പ്രഖ്യാപിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കൂടുതൽ കടുത്ത ശിക്ഷകൾ നൽകാനും സാധിക്കും. ബ്രിട്ടീഷ് കൊളംബിയൻ പ്രീമിയർ ഡേവിഡ് എബി, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, സറേ, ബ്രാംപ്ടൺ നഗരങ്ങളിലെ മേയർമാർ എന്നിവരും സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Canada’s opposition seeks terror tag for Bishnoi gang; cites Kapil cafe attacks



