കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യൻ വംശജയായ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയിലാണ് അനിത ആനന്ദ് വിദേശകാര്യ മന്ത്രിയായത്. മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന അനിത, മെലാനി ജോലിക്ക് പകരമാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. 58 വയസ്സുള്ള അനിത, കാനഡയിലെ ലിബറൽ പാർട്ടിയുടെ മുതിർന്ന അംഗമാണ്. ചടങ്ങിൽ ഹിന്ദു ഗ്രന്ഥമായ ഭഗവദ്ഗീതയിൽ കൈവച്ചാണ് അനിത ആനന്ദ് സത്യപ്രതിജ്ഞാ ചെയ്തത്. മുൻകാലങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും അവർ ഈ പാരമ്പര്യം പാലിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുനഃക്രമീകരണം നടന്നത്. 28 മന്ത്രിമാരുൾപ്പെടുന്ന പുതിയ മന്ത്രിസഭയിൽ, ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിന് ശേഷം പുതിയ തുടക്കം കുറിക്കുന്നതിനായി സ്റ്റേറ്റ് സെക്രട്ടറിമാരെയും മാർക്ക് കാർണി അവതരിപ്പിച്ചു. പുതിയ സർക്കാരിൽ സ്ത്രീകൾ പകുതിയോളം വരുന്ന തരത്തിൽ അനുഭവസമ്പത്തും വൈവിധ്യവും സന്തുലിതമാക്കുന്ന മന്ത്രിസഭയാണിത്. കാനഡ-അമേരിക്ക ബന്ധങ്ങൾ സംഘർഷ ഭരിതമായിരിക്കുന്ന സാഹചര്യത്തിൽ “കാനഡക്കാർ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ മാറ്റം കൊണ്ടുവരാൻ” വേണ്ടിയാണ് മന്ത്രിസഭ തെരഞ്ഞെടുത്തതെന്ന് കാർണി പറഞ്ഞു.
പുതിയ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതയായതിൽ ഞാൻ അഭിമാനിക്കുന്നു എന്നും കൂടുതൽ സുരക്ഷിതവും നീതിപൂർവ്വകവുമായ ലോകം കെട്ടിപ്പടുക്കുന്നതിനും കാനഡക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനും പ്രധാനമന്ത്രി മാർക്ക് കാർണിയോടും ഞങ്ങളുടെ ടീമുമായും പ്രവർത്തിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് തന്റെ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അനിത ആനന്ദ് കുറിച്ചു. 2025-ലെ ഫെഡറൽ തെരഞ്ഞെടുപ്പിന് ശേഷം, ഹൗസ് ഓഫ് കോമൺസിൽ ഓക്ക്വിൽ ഈസ്റ്റ് റൈഡിംഗ് പ്രതിനിധീകരിക്കുന്നത് അനിതയാണ്. 2019 മുതൽ 2025 വരെ അവർ ഓക്ക്വിൽ റൈഡിംഗ് പ്രതിനിധീകരിച്ചിരുന്നു, കൂടാതെ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് മന്ത്രി, ദേശീയ പ്രതിരോധ മന്ത്രി, ഗതാഗത, ആഭ്യന്തര വാണിജ്യ മന്ത്രി, ട്രഷറി ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് 1960-കളുടെ തുടക്കത്തിൽ കാനഡയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളായ സരോജ് ഡി റാമിന്റെയും എസ്.വി. ആനന്ദിന്റെയും മകളായാണ് അനിത ജനിച്ചത്. അവരുടെ അമ്മ പഞ്ചാബിൽ നിന്നും പിതാവ് തമിഴ്നാട്ടിൽ നിന്നുമാണ്. ഗീത, സോണിയ എന്നീ രണ്ട് സഹോദരിമാരുണ്ട്. 18 വയസ്സുള്ളപ്പോൾ, 1985-ൽ, അനിത ഒന്റാരിയോയിലേക്ക് താമസം മാറി അവിടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടുകയും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമ ശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്സ് (ഓണേഴ്സ്) പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഡാൽഹൗസി സർവകലാശാലയിൽ നിന്നും ടൊറന്റോ സർവകലാശാലയിൽ നിന്നും യഥാക്രമം നിയമത്തിൽ ബാച്ചിലർ ബിരുദവും മാസ്റ്റർ ബിരുദവും നേടി. വർഷങ്ങൾ കൊണ്ട്, അനിത നിയമം, അധ്യാപനം, പൊതുസേവനം എന്നിവയിൽ ശക്തമായ കരി



