ഒന്റാറിയോ: പോസ്റ്റ് സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വർധിപ്പിച്ച സാമ്പത്തിക സഹായങ്ങൾ അടുത്ത അക്കാദമിക് വർഷത്തേക്കും തുടരാൻ തീരുമാനിച്ച് കാനഡ സർക്കാർ. തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ പുതിയ വാർത്താക്കുറിപ്പിലാണ് പഠനച്ചെലവ് കുറയ്ക്കുന്നതിനും തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഗാറ്റിനോയിൽ നടന്ന ചടങ്ങിൽ ഫെഡറൽ മന്ത്രി പാറ്റി ഹജ്‌ദുവാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2026-27 അക്കാദമിക് വർഷത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രാന്റുകളിലെ 40 ശതമാനം വർധന അതേപടി തുടരും. കൂടാതെ കാനഡ സ്റ്റുഡന്റ് ലോണിന്റെ ആഴ്ചവാര പരിധി 210 ഡോളറിൽ നിന്നും 300 ഡോളറായി ഉയർത്തിയതും പ്രാബല്യത്തിലുണ്ടാകും. പലിശരഹിത വായ്പകളായ ഇതിലൂടെ ഏകദേശം 4.22 ലക്ഷം വിദ്യാർത്ഥികൾക്ക് സഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തിരിച്ചടയ്ക്കേണ്ടാത്ത സാമ്പത്തിക സഹായത്തിന് അഞ്ചര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് അർഹരാകുന്നത്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും മറ്റ് ആശ്രിതരുള്ളവർക്കും പ്രത്യേക പരിഗണനയോടെ ഈ ഗ്രാന്റ് ലഭ്യമാക്കും.
വിദ്യാഭ്യാസം കൂടുതൽ സുഗമമാക്കുന്നതിനായി 1.2 ബില്യൺ ഡോളറാണ് സർക്കാർ ഈ ഇനത്തിൽ നിക്ഷേപിക്കുന്നത്. ഫെഡറൽ-പ്രവിശ്യാ സർക്കാരുകളുടെ സംയുക്ത സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് വായ്പ ഇളവുകൾ നൽകുന്ന ‘സ്റ്റുഡന്റ് ലോൺ ഫോർഗിവ്നസ്’ പദ്ധതിയും ഇതോടൊപ്പം തുടരും. രാജ്യത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിലൂടെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പാറ്റി ഹജ്‌ദു വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada's huge investment for students; announced in loan grants and concessions



