ഹവാന: അമേരിക്കൻ എണ്ണ ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ മാനുഷിക ദുരന്തസാധ്യതയേറുന്ന പശ്ചാത്തലത്തിൽ അടിയന്തര സഹായം നൽകുന്നതിനെക്കുറിച്ച് കാനഡ സർക്കാർ ആലോചന തുടരുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യം കാനഡ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്നും ദ്വീപ് രാഷ്ട്രത്തിലെ ദുർബലരായ ജനവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുകയാണെന്നും കാനഡ വിദേശകാര്യ മന്ത്രാലയം (ഗ്ലോബൽ അഫയേഴ്സ് കാനഡ) അറിയിച്ചു. പ്രായോഗികമായി ഇതൊരു പൂർണ്ണ ഉപരോധമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും, ക്യൂബയിലുള്ള കനേഡിയൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കൻ നാവികസേനയുടെ കർശനമായ നിരീക്ഷണം കാരണം ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വരവ് പൂർണ്ണമായും നിലച്ച മട്ടാണ്. രാജ്യത്തിന് പ്രതിദിനം ആവശ്യമായ ഒരു ലക്ഷം ബാരൽ എണ്ണയുടെ പക്കൽ പോലും നിലവിലെ ശേഖരം എത്തുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനമില്ലാത്തതിനാൽ വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെടുകയും ഗതാഗത സംവിധാനങ്ങൾ സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ പ്രതിപക്ഷ കക്ഷികളായ എൻ.ഡി.പി.യും ബ്ലോക്ക് ക്യൂബെക്കോവയും ക്യൂബയ്ക്ക് അടിയന്തര മരുന്നും ഭക്ഷണവും എത്തിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും, അയൽരാജ്യമായ അമേരിക്കയെ പ്രകോപിപ്പിക്കാതെയുള്ള നീക്കങ്ങളാണ് കാനഡ നടത്തുന്നത്.
മെക്സിക്കോ പോലുള്ള രാജ്യങ്ങൾ മുൻപ് ക്യൂബയെ സഹായിച്ചിരുന്നെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ നികുതി ഭീഷണിയെത്തുടർന്ന് അവരും എണ്ണ വിതരണത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ക്യൂബൻ സർക്കാരിനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം സാധാരണ ജനജീവിതത്തെയാണ് വല്ലാതെ ബാധിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ ഇന്ധനശേഖരം പൂർണ്ണമായും തീരുമെന്നിരിക്കെ, അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യം വലിയൊരു മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Cuba runs out of fuel, plunges into darkness; Canada under pressure to provide humanitarian aid



