ഒട്ടാവ: ബഹിരാകാശ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം റോക്കറ്റ് വിക്ഷേപണ പദ്ധതിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കാനഡ. നിലവിൽ ഉപഗ്രഹ വിക്ഷേപണത്തിനായി അമേരിക്കയെയും സ്പേസ് എക്സ് പോലുള്ള സ്വകാര്യ ഏജൻസികളെയും ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഫെഡറൽ സർക്കാർ ഏകദേശം 250 മില്യൺ ഡോളറിന്റെ വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ബഹിരാകാശ മേഖലയിലെ സ്വതന്ത്രമായ ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധമന്ത്രി ഡേവിഡ് മക്‌ഗിന്റി വ്യക്തമാക്കി.
നോവ സ്കോഷ്യയിലെ കാൻസോയ്ക്ക് സമീപം ‘സ്പേസ്പോർട്ട് നോവ സ്കോഷ്യ’ എന്ന പേരിൽ അത്യാധുനിക വിക്ഷേപണ കേന്ദ്രമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. മാരിടൈം ലോഞ്ച് സർവീസസ് നിർമ്മിക്കുന്ന ഈ കേന്ദ്രത്തിലെ ലോഞ്ച് പാഡുകൾ 200 മില്യൺ ഡോളർ ചെലവിൽ പത്ത് വർഷത്തേക്ക് സർക്കാർ വാടകയ്ക്ക് എടുക്കും. അഞ്ച് ലോഞ്ച് പാഡുകളുണ്ടാകുന്ന ഈ കേന്ദ്രം 2027-ഓടെ പൂർണ്ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സബ്-ഓർബിറ്റൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സ്വന്തമായി റോക്കറ്റുകൾ വികസിപ്പിക്കുന്ന പ്രാദേശിക കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ‘ലോഞ്ച് ദ നോർത്ത്’ പദ്ധതിയും ഇതിന്റെ ഭാഗമാണ്. നോർഡ്‌സ്പേസ് ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖ കമ്പനികൾക്ക് എട്ട് മില്യൺ ഡോളർ വീതം ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോക്കറ്റ് എൻജിനുകളുടെ നിർമ്മാണം ഈ കമ്പനികൾ വേഗത്തിലാക്കും. കാലാവസ്ഥാ നിരീക്ഷണം, വാർത്താവിനിമയം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം മുൻഗണനകൾ നടപ്പിലാക്കാൻ പുതിയ നീക്കം കാനഡയെ സഹായിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada to soar into space; $250 million plan for rocket launch



