കാണാതായതും കൊല്ലപ്പെട്ടതുമായ ഇന്റിജനസ് കുടുംബങ്ങളെ സഹായിക്കാൻ നോവ സ്കോഷ്യക്ക് 2.2 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ സർക്കാർ. അടുത്ത അഞ്ച് വർഷം ഈ ഫണ്ട് ഉപയോഗിച്ച്, പ്രവിശ്യയിലെ ഫാമിലി ഇൻഫർമേഷൻ ലെയ്സൺ യൂണിറ്റ് (FILU) ശക്തമാക്കാനും നോവ സ്കോഷ്യ നേറ്റീവ് വിമൻസ് അസോസിയേഷൻ വഴി കമ്മ്യൂണിറ്റി തലത്തിൽ സഹായങ്ങൾ നൽകാനും സാധിക്കും.
കാനഡയിലെ ജസ്റ്റിസ് മന്ത്രിയും അറ്റോർണി ജനറലുമായ സീൻ ഫ്രേസറിന് വേണ്ടി, കേപ് ബ്രെട്ടൺ–കാൻസോ–ആന്റിഗോണിഷിലെ പാർലമെന്റ് അംഗം ജെയ്മി ബാറ്റിസ്റ്റ്, നോവ സ്കോഷ്യ നേറ്റീവ് വിമൻസ് അസോസിയേഷനിൽ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ ഫണ്ട് ഉപയോഗിച്ച്, കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനായി വിക്ടിം സർവീസസിൽ നോവ സ്കോഷ്യ ഒരു മുഴുവൻ സമയ കേസ് കോർഡിനേറ്ററെ നിയമിക്കും. ഒപ്പം, കുടുംബങ്ങൾക്ക് അവരുടെ സംസ്കാരത്തിന് അനുയോജ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ നോവ സ്കോഷ്യ നേറ്റീവ് വിമൻസ് അസോസിയേഷൻ ഒരു മുഴുവൻ സമയ കമ്മ്യൂണിറ്റി ഔട്ട്റീച്ച് വർക്കറെയും നിയമിക്കും.
ഫാമിലി ഇൻഫർമേഷൻ ലെയ്സൺ യൂണിറ്റ്, കുടുംബങ്ങളുമായി നേരിട്ട് സംസാരിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുകയും ചെയ്യും. കാനഡയിലുടനീളം ഇങ്ങനെയുള്ള യൂണിറ്റുകൾക്ക് ഫെഡറൽ സർക്കാർ പ്രവിശ്യകളുടെ സഹായത്തോടെ പിന്തുണ നൽകുന്നുണ്ട്.



