കാനഡ ദീർഘകാലമായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ്. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ, എന്നാൽ 2025ന്റെ തുടക്കത്തിൽ കാനഡയിലെ പുതിയ കുടിയേറ്റ നയങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രകാരം, 2025ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ സ്റ്റഡി പെർമിറ്റുകളിൽ 31% കുറവുണ്ടായി. 2024ൽ 44,295 ആയിരുന്ന ഈ സംഖ്യ 2025ൽ 30,640 ആയി കുറഞ്ഞിരിക്കുന്നു.
ഈ കുറവിന് പ്രധാന കാരണങ്ങൾ കാനഡയുടെ പുതിയ കുടിയേറ്റ നിയമങ്ങൾ, കടുപ്പമുള്ള സാമ്പത്തിക വ്യവസ്ഥകൾ, കൂടുതൽ കർശനമായ വെരിഫിക്കേഷൻ നടപടികൾ എന്നിവയാണ്.
- 2025ൽ കാനഡ സ്റ്റഡി പെർമിറ്റുകളുടെ വാർഷിക പരിധി 485,000ൽ നിന്ന് 437,000 ആയി കുറച്ചു. ഈ പരിധി 2026 വരെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
- അന്താരാഷ്ട്ര വിദ്യാർത്ഥികൾ ജീവിത ചെലവുകൾക്കായി കുറഞ്ഞത് CA$20,635 (ഏകദേശം ₹12.7 ലക്ഷം) തുക തെളിയിക്കേണ്ട പുതിയ സാമ്പത്തിക നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
- മുമ്പ് ഈ തുക CA$10,000 (₹8 ലക്ഷം) മാത്രമായിരുന്നു.
- 2023 ഡിസംബറിൽ നിലവിൽ വന്ന കർശനമായ വെരിഫിക്കേഷൻ നടപടികളും വിദ്യാർത്ഥികളെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.
ഇതനുസരിച്ച്, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നതിനു മുമ്പ് കാനഡയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓരോ വിദ്യാർത്ഥിയുടെയും അക്‌സെപ്റ്റൻസ് ലറ്റേഴ്സ് വെരിഫിക്കേഷൻ ചെയേണ്ടതാണ്. ഇതിന് വ്യാജ അപേക്ഷകൾ തടയാനുള്ള ഉദ്ദേശമുള്ളതായിരുന്നാലും, ഈ നടപടിയോടെ കൂടുതൽ പരിശോധനകൾ ഉണ്ടാക്കുകയും അപേക്ഷിച്ചവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
വിസാ എണ്ണത്തിലുണ്ടായ ഇടിവ് ഉണ്ടായിട്ടും, ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇപ്പോഴും കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹം. 2023ൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 278,045 സ്റ്റഡി പെർമിറ്റുകൾ ലഭിച്ചിരുന്നു, ഇത് മൊത്തത്തിന്റെ 41% വരും. എന്നാൽ 2024ൽ ഈ സംഖ്യ 188,465 ആയി കുറഞ്ഞു,
ഇത് ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും പല തരത്തിലും ബാധിക്കുന്നുണ്ട്. കൂടുതൽ ചെലവുകളും പൗരത്വം കിട്ടാനുള്ള അവസരങ്ങൾ കുറയുന്നതും ഇതിനൊക്കെ ഉള്ള മത്സരം കൂടുന്നതും പ്രധാന പ്രശ്നങ്ങളാണ്. ഈ കാരണങ്ങൾ കൊണ്ട് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ്, ജർമനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി തിരിയുകയാണ്. എങ്കിലും കാനഡയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻകൂട്ടിയുള്ള ആസൂത്രണവും കൃത്യമായ അപേക്ഷയും കാനഡ ലക്ഷ്യം വിജയിക്കാൻ സഹായകരമാകും



