ടൊറന്റോ: ഇന്ത്യൻ സമൂഹത്തിന് ദീപാവലി സമ്മാനമായി കാനഡ പോസ്റ്റ് പുതിയസ്റ്റാമ്പ് പുറത്തിറക്കി. 2017 മുതൽ കാനഡ പോസ്റ്റ് പിന്തുടരുന്ന വാർഷിക പാരമ്പര്യത്തിൻ്റെ ഭാഗമായാണ് ഇത്തവണയും ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
ബുധനാഴ്ച ടൊറന്റോയിൽ പുറത്തിറക്കിയ ഏറ്റവും പുതിയ സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത് അണ്ടർലൈൻ സ്റ്റുഡിയോയിലെ റിതു കനാൽ ആണ്. വർണ്ണാഭമായ ഒരു രംഗോലി പാറ്റേൺ ആലേഖനം ചെയ്ത ഈ സ്റ്റാമ്പിൽ, ‘ദീപാവലി’ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ആറ് സ്റ്റാമ്പുകൾ അടങ്ങിയ ബുക്ക്‌ലെറ്റായും ‘ഓഫീഷ്യൽ ഫസ്റ്റ് ഡേ കവർ’ ആയും ഇത് ലഭ്യമാണെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.
മിസ്സിസാഗയിൽ പടക്ക നിരോധന നീക്കം പിൻവലിച്ചു
ദീപങ്ങളുടെ ഉത്സവത്തിന് മുന്നോടിയായി ഇൻഡോ-കനേഡിയൻസിന് അധിക സന്തോഷം നൽകുന്ന മറ്റൊരു തീരുമാനം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) മിസ്സിസാഗ സിറ്റി കൗൺസിൽ കൈക്കൊണ്ടു. മിസ്സിസാഗ നഗരത്തിൽ പടക്കങ്ങൾ നിരോധിക്കാനുള്ള നീക്കത്തിൽ നിന്ന് കൗൺസിൽ പിന്മാറി. എന്നാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ ദീപാവലി കൂടാതെ, ന്യൂ ഇയർ, വിക്ടോറിയ ഡേ, ലൂണാർ ന്യൂ ഇയർ, കാനഡ ഡേ എന്നീ ആഘോഷാവസരങ്ങളിൽ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സ്വകാര്യ സ്ഥലങ്ങളിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പടക്കങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഈ രണ്ട് തീരുമാനങ്ങളും കാനഡയിലെ ഇന്ത്യൻ സമൂഹത്തിന് ദീപാവലി ആഘോഷങ്ങൾ കൂടുതൽ ആവേശകരമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada Post releases new stamp to mark Diwali



