സ്വകാര്യ കൊറിയർ സേവനങ്ങൾ അടിച്ചു കയറുന്നു
കാനഡ പോസ്റ്റ് നിലവിൽ തൊഴിൽ സംഘർഷങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും മധ്യത്തിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ട്രേഡ് യൂണിയൻ വലിയ സമരങ്ങളിൽ നിന്ന് പിന്മാറിയങ്കിലും, തൊഴിലാളികൾ ഇപ്പോളും അധിക സമയം ജോലി എടുക്കാൻ നിരസിക്കുന്നതിനാൽ സേവനം വൈകാനിടയുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ബദൽ മാർഗങ്ങളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ്.
തപാൽ ഉപയോഗം കുറഞ്ഞതിന്റെ ഫലമായി കാനഡ പോസ്റ്റിന്റെ സാമ്പത്തിക നില വളരെ മോശമായിരിക്കുകയാണ്. സമീപകാല സമര നോട്ടീസിന് ശേഷം കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ പാഴ്സൽ ഷിപ്പ്മെന്റുകളിൽ 50% കുറവ് രേഖപ്പെടുത്തിയതാണ് ഇതിന് ഉദാഹരണം. 2018 മുതൽ കാനഡ പോസ്റ്റിന് 3.8 ബില്യൺ കാനഡിയൻ ഡോളറിലധികം പ്രവർത്തന നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥാപനം ഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള സമ്മർദ്ദത്തിലാണ്.
പരിഷ്കാര നടപടികളുടെ ഭാഗമായി ഡൈനാമിക് റൂട്ടിംഗ്, വാരാന്ത്യ പാർട്ട് ടൈം ജോലി, ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടൽ എന്നിവ പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധിയും ഡിമാൻഡ് കുറവും ഉണ്ടായിട്ടും തൊഴിൽ ശക്തിയിൽ വലിയ കുറവുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനിടയിൽ ഇന്റൽകോം പോലുള്ള സ്വകാര്യ കൊറിയർ സേവനങ്ങൾ വിശ്വസനീയമായ മറ്റു സേവനകൾ നോക്കുന്ന ബിസിനസുകൾക്കിടയിൽ പ്രശസ്തിയേറിയിരിക്കുകയാണ്.
നാലുവർഷത്തിനുള്ളിൽ 14% വേതനവർധനവും ഉൾപ്പെടുന്ന പുതിയ കരാർ പ്രമേയം അംഗങ്ങൾക്കായി വോട്ടെടുപ്പിന് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഡ്മണ്ടണിലെ ദസ്റ്റിൻ എല്ലിസ് പോലുള്ള തൊഴിലാളികൾ മുന്നോട്ട് വന്നിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങളെ എതിർക്കുന്നതായി യൂണിയനെതിരെ ആരോപണവുമുണ്ട്. വിലപേശൽ ചർച്ചകൾ തുടരുകയാണെങ്കിലും ഈ സംഘർഷത്തിന്റെ പരിഹാരം കാനഡ പോസ്റ്റിന്റെ ഭാവിയെ നിർണ്ണയിക്കുന്നതിൽ നിർണായകമായിരിക്കും.



