2035-ഓടെ തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധ മേഖലയ്ക്കായി നീക്കിവെക്കാൻ കാനഡയും മറ്റ് നാറ്റോ അംഗരാജ്യങ്ങളും തമ്മിൽ ധാരണയായി. നെതർലാൻഡിലെ ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ഈ പ്രഖ്യാപനം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെട്ടു.
നാറ്റോയുടെ കൂട്ടായ പ്രതിരോധ ഉടമ്പടിയായ ആർട്ടിക്കിൾ 5-നെ ട്രംപ് നേരത്തെ സംശയത്തിലാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് സഖ്യകക്ഷികൾ ട്രംപിൽ നിന്ന് വ്യക്തമായ ഉറപ്പുകൾ ആവശ്യപ്പെടുകയും ചെയ്തു. “ഞാൻ ഈ കൂട്ടായ്മയ്ക്ക് ഒപ്പമുള്ളതുകൊണ്ടാണ് ഇവിടെ വന്നത്” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർന്നാണ് പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്.
ഈ പുതിയ ധാരണ പ്രകാരം കാനഡയ്ക്ക് പ്രതിവർഷം ഏകദേശം 150 ബില്യൺ ഡോളർ പ്രതിരോധത്തിനായി ചെലവഴിക്കേണ്ടിവരും. ഇതിൽ 107 ബില്യൺ ഡോളർ നേരിട്ടുള്ള സൈനിക ആവശ്യങ്ങൾക്കും, ശേഷിക്കുന്ന തുക തുറമുഖങ്ങൾ, സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി കാർണി വിശദീകരിച്ചു. പ്രതിരോധ മേഖലയിലെ ഈ വൻ നിക്ഷേപം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയ്ക്കും ഉണർവ് നൽകുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ലോക മഹായുദ്ധത്തിനും, കൊറിയൻ യുദ്ധത്തിനും ശേഷം കാനഡ നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ നിക്ഷേപമാണിത്. നാറ്റോയുടെ മുൻ ലക്ഷ്യമായ ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ ചെലവിന് പൊതുജന പിന്തുണ ലഭിച്ചിരുന്നു. എന്നാൽ നിലവിലെ ഇരട്ടിയിലധികം വരുന്ന ഈ ലക്ഷ്യത്തിന് പൊതുജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കാനഡ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കണമെന്ന് യുഎസ് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, ട്രംപിന്റെ കടുത്ത വിമർശനം വരുന്നതുവരെ ആരും ഇത് ഗൗരവമായി എടുത്തിരുന്നില്ല, എന്ന് ഒരു മുൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



