അഭയാർഥികൾക്കുള്ള സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികൾ കർശനമാക്കാനൊരുങ്ങി കാനഡ. ഏതാനും ദിവസം മുൻപ് അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡർ ആക്ടി’ലാണ് ഇതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനെത്തുന്ന ഒട്ടേറെ വിദേശിവിദ്യാർഥികൾ അഭയാർഥി സംവിധാനം ദുരുപയോഗം ചെയ്തു പെർമനന്റ് റസിഡൻസി(പിആർ) സ്വന്തമാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ഇതു ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായി 5500 അഭയാർഥി അപേക്ഷയാണ് രാജ്യാന്തര വിദ്യാർഥികളിൽനിന്നു ലഭിച്ചതെന്ന് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡയുടെ മേയ് മാസത്തിലെ റിപ്പോർട്ടിൽ പറയുന്നു. 2024ലെ സമാനകാലയളവിനെ അപേക്ഷിച്ച് ഇത് 22% കൂടുതലാണ്. മൂവായിരത്തിലേറെ അപേക്ഷകൾ ഇന്ത്യയിൽ നിന്നാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിൽ വന്ന് ഒരു വർഷത്തിനു ശേഷം നൽകുന്ന അപേക്ഷകളാണെങ്കിൽ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡിന് നൽകേണ്ടതില്ലെന്നാണ് ബില്ലിലെ പുതിയ വ്യവസ്ഥ. 2020 ജൂൺ 24ന് ശേഷമുള്ള അപേക്ഷകളിലാണ് ഈ വ്യവസ്ഥ ബാധകമാകുക. യുഎസിൽ നിന്ന് കരമാർഗം രഹസ്യമായി കാനഡയിൽ പ്രവേശിച്ച് 14 ദിവസത്തിന് ശേഷം നൽകുന്ന അപേക്ഷകളും അയോഗ്യമാകും.



