ഒട്ടാവ: ആഗോളതലത്തിൽ നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികളും ആഭ്യന്തര പ്രശ്നങ്ങളും കണക്കിലെടുത്ത് ഇറ്റലി, ഫ്രാൻസ്, ബ്രസീൽ തുടങ്ങി ഏഴ് പ്രമുഖ രാജ്യങ്ങളിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശം (Travel Advisory) നൽകി കാനഡ. ഇറ്റലിയിലെ ശീതകാല ഒളിമ്പിക്സ് തിരക്കും ഫ്രാൻസിലെ ഭീകരാക്രമണ ഭീഷണിയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മുൻനിർത്തിയാണ് കാനഡ വിദേശകാര്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇറ്റലി, ഫ്രാൻസ് എന്നിവയ്ക്ക് പുറമെ ബ്രസീൽ, ഡെന്മാർക്ക്, സ്വീഡൻ, ഒമാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 6 മുതൽ 22 വരെ ഇറ്റലിയിൽ നടക്കുന്ന മിലാനോ കോർട്ടിന ശീതകാല ഒളിമ്പിക്സിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇറ്റലിയിലെ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നത്. ഒളിമ്പിക്സ് വേദികളിലെ വലിയ ജനത്തിരക്ക് മുതലെടുത്ത് പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ വേണമെന്നും നിർദ്ദേശമുണ്ട്. ഫ്രാൻസിൽ ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ രാജ്യം അതീവ ജാഗ്രതയിലാണെന്നും (Vigipirate Level 3) പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രസീൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ വർധിച്ചു വരുന്ന ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങളും (Gang Violence) പ്രതിഷേധ പ്രകടനങ്ങളുമാണ് ആശങ്കയുയർത്തുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ചേരി പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദ്ദേശമുണ്ട്. ഒമാനിൽ യെമൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങളും ഇന്തോനേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും തട്ടിക്കൊണ്ടുപോകൽ ഭീഷണിയും വിനോദസഞ്ചാരികൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
മിക്ക രാജ്യങ്ങളിലും പാസ്പോർട്ട് പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിൽ യാത്രാരേഖകളുടെ പകർപ്പ് കൈവശം വെക്കാനും അധികൃതർ ആവശ്യപ്പെട്ടു. സമരങ്ങൾ, പൊതു പ്രതിഷേധങ്ങൾ, ഗതാഗത തടസ്സങ്ങൾ എന്നിവ ഈ രാജ്യങ്ങളിൽ സാധാരണമായതിനാൽ യാത്രയ്ക്ക് മുൻപ് പ്രാദേശിക വാർത്താ മാധ്യമങ്ങൾ വഴി സാഹചര്യം വിലയിരുത്തണമെന്ന് കാനഡ നിർദ്ദേശിക്കുന്നു.
വലിയ ജനക്കൂട്ടങ്ങൾക്കിടയിൽ അക്രമസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രത പുലർത്താനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് യാത്രാ പ്ലാനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
canada-issues-new-travel-advisory-amid-escalating-public-demonstrations-strikes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



