ഒട്ടാവ: കുടിയേറ്റത്തിലൂടെ ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യാ വളർച്ച നേടുന്ന രാജ്യമാണ് കാനഡ. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കുടിയേറ്റക്കാർ വലിയ മുതൽക്കൂട്ടാണെങ്കിലും, പെരുകുന്ന ജനസംഖ്യ ഇവിടെയുള്ള സൗകര്യങ്ങളെയും ജീവിത നിലവാരത്തെയും താറുമാറാക്കുന്നുണ്ടോ എന്നൊരു ചോദ്യം ഇപ്പോൾ ഉയർന്നു വരുന്നു. പുതിയ സാമ്പത്തിക സാഹചര്യത്തിൽ, കാനഡയുടെ ഈ കുടിയേറ്റ നയം ഗുണത്തേക്കാളേറെ ദോഷമാവുകയാണോ?
കാനഡയിലെ ജനനനിരക്ക് കുറവായതിനാൽ, പ്രായമായവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ ‘തൊഴിൽ ശക്തി’യെ സജീവമായി നിലനിർത്തുന്നത് കുടിയേറ്റക്കാരാണ്. കഴിഞ്ഞ പത്ത് വർഷമായി കാനഡയിലെ തൊഴിൽ ശക്തിയുടെ വളർച്ച പൂർണ്ണമായും കുടിയേറ്റം വഴിയാണ്. ആരോഗ്യ സംരക്ഷണം, ഗതാഗതം, നിർമ്മാണം തുടങ്ങിയ നിർണ്ണായക മേഖലകളിലെല്ലാം ധാരാളം കുടിയേറ്റക്കാർ ജോലി ചെയ്യുന്നു.
കുടിയേറ്റക്കാരിൽ മൂന്നിൽ രണ്ടു ഭാഗവും 15-നും 64-നും ഇടയിൽ പ്രായമുള്ളവരാണ്’ (Core Working Age). ഇവർ നികുതി അടയ്ക്കുന്നതിനാൽ പൊതുജനാരോഗ്യ സംവിധാനം, വിദ്യാഭ്യാസം, പെൻഷൻ തുടങ്ങിയ സാമൂഹിക പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തിന് സാധിക്കുന്നു. 2046-ഓടെ 85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം മൂന്നിരട്ടിയാകാൻ സാധ്യതയുണ്ടെന്നതിനാൽ, കാനഡയുടെ സമ്പദ്‌വ്യവസ്ഥ നിലനിർത്താൻ കുടിയേറ്റം അത്യാവശ്യമാണ്.
കൂടുതൽ ആളുകൾ രാജ്യത്തേക്ക് വരുന്നതുകൊണ്ട് കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) വർദ്ധിക്കുന്നു എന്നതിൽ തർക്കമില്ല. കൂടുതൽ ആളുകൾക്ക് ജോലി കിട്ടുന്നു, കൂടുതൽ സാധനങ്ങൾ വാങ്ങുന്നു – ഇതാണ് കാരണം. എന്നാൽ, ആളോഹരി ജി.ഡി.പി അഥവാ ‘ഒരു വ്യക്തിയുടെ ശരാശരി വരുമാനം’ കുറയുന്നു എന്ന വിമർശനം ശക്തമാണ്.
ജനസംഖ്യ കൂടുന്നതിനനുസരിച്ച് രാജ്യത്തിൻ്റെ ഉത്പാദനക്ഷമത കൂടുന്നില്ലെങ്കിൽ, നാട്ടുകാരുടെയും കുടിയേറ്റക്കാരുടെയും ജീവിത നിലവാരം കുറയാനിടയുണ്ട്. അതായത്, രാജ്യത്തിൻ്റെ മൊത്തം സമ്പത്ത് വർധിക്കുമ്പോഴും, ഓരോ വ്യക്തിക്കും കിട്ടുന്ന വിഹിതം കുറയുന്നു. കൂടാതെ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ പൊതുസേവനങ്ങൾക്ക് ജനസംഖ്യ വലിയ സമ്മർദ്ദമുണ്ടാക്കുന്നു.
കുടിയേറ്റം കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭവന (പാർപ്പിട) മേഖലയിലാണ്. കുടിയേറ്റക്കാരുടെ വരവ് വീടുകൾക്ക് വേണ്ടിയുള്ള ആവശ്യം കുത്തനെ ഉയർത്തി. ഇത് 2021-ൽ പണപ്പെരുപ്പം (വിലക്കയറ്റം) റെക്കോർഡ് നിലയിലെത്താൻ ഒരു കാരണമായി. കുടിയേറ്റത്തിൻ്റെ വേഗതക്കനുസരിച്ച് പുതിയ വീടുകളുടെ നിർമ്മാണം നടക്കുന്നില്ല.
കുടിയേറ്റക്കാർക്ക് വീട് ആവശ്യമാണെങ്കിലും, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരിലും ഇവരുണ്ട്. ഹ്രസ്വകാലത്തേക്ക് കുടിയേറ്റം നിയന്ത്രിച്ചാൽ വീടുകളുടെ ഡിമാൻഡ് കുറയും. എന്നാൽ ദീർഘകാലത്തേക്ക് ഇത് നിർമ്മാണ മേഖലയിൽ തൊഴിലാളി ക്ഷാമമുണ്ടാക്കാനും, വീണ്ടും നിർമ്മാണച്ചെലവ് കൂട്ടി വീട്ടുവാടകയും വിലയും ഉയർത്താനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഉയർന്ന വൈദഗ്ധ്യമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഐ.ടി. അനലിസ്റ്റുകൾ തുടങ്ങിയവരുടെ വരവ് കാനഡയുടെ സാങ്കേതിക വളർച്ചയ്ക്ക് അത്യാവശ്യമാണ്. എന്നാൽ നിലവിലെ കുടിയേറ്റ പദ്ധതികൾ, ഹ്രസ്വകാലത്തേക്ക് തൊഴിലാളി ക്ഷാമം നേരിടുന്ന ഭക്ഷണ വിതരണം, താമസം തുടങ്ങിയ ‘കുറഞ്ഞ വൈദഗ്ധ്യമുള്ള’ ജോലികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നൊരു വിമർശനമുണ്ട്. ഇത് ദീർഘകാല വളർച്ചയ്ക്ക് തടസ്സമുണ്ടാക്കിയേക്കാം.
കാനഡയുടെ വളർച്ചയ്ക്കും പൊതു സംവിധാനങ്ങൾക്കും കുടിയേറ്റം ഒരു താങ്ങാണ്. എന്നാൽ സമീപ വർഷങ്ങളിലെ നിയന്ത്രണമില്ലാത്ത വളർച്ച, വീട്, ആരോഗ്യം തുടങ്ങിയ പൊതുമേഖലകളിൽ വലിയ ഭാരം സൃഷ്ടിച്ചു. ഈ പ്രശ്‌നങ്ങൾ കാരണം ഉയർന്ന കുടിയേറ്റ നിരക്കിനോടുള്ള പൊതുജന പിന്തുണ കുറഞ്ഞുവരുന്നു.
അതുകൊണ്ട്, പുതിയ നയം പ്രഖ്യാപിക്കുമ്പോൾ, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം, കാനഡയുടെ സാമൂഹികവും അടിസ്ഥാനപരവുമായ സൗകര്യങ്ങൾ താങ്ങാൻ കഴിയുന്ന രീതിയിൽ കുടിയേറ്റക്കാരുടെ എണ്ണം ക്രമീകരിക്കേണ്ടത് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
canada-housing-crisis-future-immigration-policy-impact
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



