ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്ക് വൻ ഇളവുകളുമായി പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ ഫലം പുറത്തുവന്നു. കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഫിസിഷ്യൻമാർക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗത്തിലെ ആദ്യ നറുക്കെടുപ്പാണ് ഇന്ന് (ഫെബ്രുവരി 19) നടന്നത്. വെറും 169 സി.ആർ.എസ് (CRS) പോയിന്റ് നേടിയവർക്ക് വരെ ഇത്തവണ ഇൻവിറ്റേഷൻ കിട്ടി എന്നത് കുടിയേറ്റ ചരിത്രത്തിലെ തന്നെ വലിയൊരു മാറ്റമാണ്.
2021-ലെ കോവിഡ് കാലത്ത് രേഖപ്പെടുത്തിയ 75 പോയിന്റിന് ശേഷം എക്സ്പ്രസ് എൻട്രി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കട്ട്-ഓഫ് സ്കോറാണിത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട കണക്കുകൾ പ്രകാരം 391 ഡോക്ടർമാർക്കാണ് ഇത്തവണ അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 2025 ഡിസംബറിലാണ് ഈ പുതിയ വിഭാഗം പ്രഖ്യാപിച്ചത്.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ഒരു വർഷമെങ്കിലും കാനഡയിൽ ഫുൾടൈം ഡോക്ടറായി ജോലി ചെയ്തിരിക്കണം. കൂടാതെ എക്സ്പ്രസ് എൻട്രിയുടെ അടിസ്ഥാന യോഗ്യതകളും പാലിച്ചിരിക്കണം. 2026-ൽ ഇതുവരെ നടന്ന ഒൻപത് ഡ്രോകളിലായി മുപ്പതിനായിരത്തിലധികം ആളുകൾക്ക് കാനഡ സ്ഥിരതാമസത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്. നിലവിൽ കാനഡയ്ക്കുള്ളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യം ഉള്ളവർക്കുമാണ് ഇമിഗ്രേഷൻ വകുപ്പ് കൂടുതൽ മുൻഗണന നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada holds first Express Entry draw under new category



