ക്യുബെക് സിറ്റി: വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടുന്നതിനായി കാനഡ സർക്കാർ പ്രഖ്യാപിച്ച പുതിയ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് സെക്രട്ടറി നതാലി പ്രൊവോസ്റ്റും മന്ത്രി ജീൻ-ഇവ് ഡ്യൂക്ലോസും. ക്യുബെക് സിറ്റിയിലെ പാത്രോ ലാവാൽ വോളണ്ടിയർ ടാക്സ് സർവീസ് സന്ദർശനത്തിനിടെയാണ് പദ്ധതിയുടെ വിതരണ രീതിയെക്കുറിച്ചും ഗുണഭോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇരുവരും വ്യക്തമാക്കിയത്. നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം സാമ്പത്തിക ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ 12 മില്യണിലധികം വരുന്ന കുറഞ്ഞ മിതവരുമാനക്കാർക്ക് സഹായകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബിൽ C-19-ന് അംഗീകാരം ലഭിച്ചതോടെ, 2026 ജൂണിനുള്ളിൽ തന്നെ ഗുണഭോക്താക്കളുടെ കൈകളിലേക്ക് ഒറ്റത്തവണ പേയ്‌മെന്റ് എത്തും. വ്യക്തികൾക്ക് 402 ഡോളർ വരെയും, ദമ്പതികൾക്ക് 527 ഡോളർ വരെയും, രണ്ട് കുട്ടികളുള്ള കുടുംബങ്ങൾക്ക് 805 ഡോളർ വരെയുമാണ് അധികമായി ലഭിക്കുക. നിലവിലുള്ള ജിഎസ്ടി ക്രെഡിറ്റ് വിഹിതത്തിൽ 50 ശതമാനം വർധനവിന് തുല്യമായ തുകയാണിത്. കൂടാതെ, 2026 ജൂലൈ മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ആനുകൂല്യങ്ങളിൽ 25 ശതമാനം വർധനവും സർക്കാർ ഉറപ്പാക്കുന്നുണ്ട്.
ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 3.1 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സഹായത്തിന് പുറമെ വിപുലമായ മറ്റ് നടപടികളും സർക്കാർ പ്രഖ്യാപിച്ചു. ഭക്ഷ്യ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 500 മില്യൺ ഡോളറും, ചെറുകിട സ്ഥാപനങ്ങൾക്കായി 150 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ടും മാറ്റിവെച്ചിട്ടുണ്ട്. ഫുഡ് ബാങ്കുകൾക്കുള്ള 20 മില്യൺ ഡോളർ സഹായം, ഗ്രീൻഹൗസ് നിർമ്മാണച്ചെലവ് കുറയ്ക്കൽ, യൂണിറ്റ് പ്രൈസ് ലേബലിംഗ് എന്നിവയിലൂടെ രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതികൾ വസന്തകാലത്തോടെ പൂർണ്ണമായി നടപ്പിലാക്കുമെന്ന് നതാലി പ്രൊവോസ്റ്റ് കൂട്ടിിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada Groceries and Essentials Benefit; Financial assistance for 12 million Canadians, everything you need to know



