ഒട്ടാവ: കാനഡയിലെ ഗ്രാമീണ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ (TFWP) നിർണ്ണായക മാറ്റങ്ങളുമായി ഫെഡറൽ ഗവൺമെന്റ്. കുറഞ്ഞ വേതന നിരക്കിലുള്ള (Low-wage positions) താല്ക്കാലിക വിദേശ തൊഴിലാളികളെ നിലനിർത്തുന്നതിനും പുതിയതായി നിയമിക്കുന്നതിനുമുള്ള നിബന്ധനകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നോവ സ്കോഷ്യ (Nova Scotia), ക്യുബെക് (Quebec) എന്നീ പ്രവിശ്യകളാണ് ഈ പുതിയ നയം നടപ്പിലാക്കാൻ ആദ്യം മുന്നോട്ട് വന്നത്.
സാധാരണഗതിയിൽ ഒരു സ്ഥാപനത്തിലെ കുറഞ്ഞ വേതന തസ്തികകളിൽ 10 ശതമാനം വിദേശ തൊഴിലാളികളെ മാത്രമേ നിയമിക്കാൻ അനുവാദമുള്ളൂ. എന്നാൽ പുതിയ നയപ്രകാരം ഗ്രാമീണ മേഖലകളിലെ യോഗ്യരായ തൊഴിലുടമകൾക്ക് സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണം 10 ശതമാനത്തിന് മുകളിലാണെങ്കിൽ പോലും അവരെ തുടർന്നും നിലനിർത്താൻ സാധിക്കും. വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള പരിധി 10 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തി.
നോവ സ്കോഷ്യയിൽ ഏപ്രിൽ 14 മുതൽ ഈ രണ്ട് ഇളവുകളും എല്ലാ മേഖലകളിലും (All Sectors) പ്രാബല്യത്തിൽ വരും. എന്നാൽ ക്യുബെക്, നിലവിൽ വിദേശ തൊഴിലാളികളെ നിലനിർത്താനുള്ള ഇളവ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 15 ശതമാനം എന്ന പുതിയ പരിധി ക്യുബെക് ഇപ്പോൾ സ്വീകരിച്ചിട്ടില്ല.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ നിർവചനപ്രകാരം പ്രധാന നഗരമേഖലകൾക്ക് പുറത്തുള്ള സ്ഥലങ്ങളെയാണ് ‘ഗ്രാമീണ മേഖല’ എന്ന് കണക്കാക്കുന്നത്. ഇവിടങ്ങളിലെ തൊഴിലുടമകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കൂടാതെ, വിദേശ തൊഴിലാളികളെ തേടുന്നതിന് മുൻപ് കാനഡയിലെ സ്ഥിരതാമസക്കാരെയോ പൗരന്മാരെയോ കണ്ടെത്താൻ ശ്രമിച്ചു എന്നതിന് മതിയായ രേഖകളും ഇവർ കാണിക്കേണ്ടതുണ്ട്.
നിലവിൽ നിർമ്മാണ മേഖല, ഭക്ഷ്യ സംസ്കരണം, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, വീട്ടുജോലിക്കാർ, കെയർ ഗീവർമാർ തുടങ്ങിയ പ്രത്യേക തൊഴിൽ മേഖലകളിൽ 20 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദമുണ്ട്. ഈ മേഖലകളിലെ നിലവിലെ 20 ശതമാനം എന്ന പരിധിയിൽ മാറ്റമുണ്ടാകില്ല.
2027 മാർച്ച് 31 വരെയാണ് ഈ താൽക്കാലിക നയത്തിന്റെ കാലാവധി. എൽഎംഐഎ (LMIA) അപേക്ഷകൾ സമർപ്പിക്കുന്ന സമയത്ത് ഈ ആനുകൂല്യം നിലവിലുണ്ടായിരിക്കണം. കാനഡയിലെ മറ്റ് പ്രവിശ്യകളായ ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയവ ഈ നയത്തിൽ പങ്കുചേരുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) അറിയിച്ചു.
തൊഴിൽക്ഷാമം നേരിടുന്ന ഗ്രാമീണ മേഖലകളിലെ മലയാളി നഴ്സുമാർക്കും മറ്റ് സാങ്കേതിക വിദഗ്ധർക്കും ജോലി നേടാനുള്ള മികച്ച അവസരമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. പ്രവിശ്യകളുടെ അനുമതിക്ക് അനുസൃതമായി വരും ദിവസങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഈ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം.
Canada gives green light to foreigners; job opportunities increase in rural areas; provinces relax rules
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




