ടൊറന്റോ: കാനഡയിലെ തൊഴിൽ മേഖലയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, തൊഴിലാളികൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഫെഡറൽ സർക്കാർ. നിലവിലുള്ള മൂന്ന് പ്രധാന എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (EI) താൽക്കാലിക ഇളവുകൾ 2026 ഒക്ടോബർ 10 വരെ നീട്ടി. യുഎസ് വ്യാപാര താരിഫുകൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും മറ്റ് വ്യവസായ മേഖലയിലുള്ളവർക്കും ഈ തീരുമാനം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. ഏകദേശം 8 ലക്ഷത്തിലധികം പേർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം ഒരു തൊഴിലാളിക്ക് ശരാശരി ആയിരക്കണക്കിന് ഡോളർ അധികമായി കൈവശം വെക്കാൻ സാധിക്കും.
കാത്തിരിപ്പ് കാലാവധി ഒഴിവാക്കി (No Waiting Period):
സാധാരണയായി EI അപേക്ഷിക്കുമ്പോൾ ആദ്യത്തെ ഒരാഴ്ച തുക ലഭിക്കാറില്ല. എന്നാൽ പുതിയ ഇളവ് പ്രകാരം അപേക്ഷിക്കുന്ന ആദ്യ ആഴ്ച മുതൽ തന്നെ പണം ലഭിച്ചു തുടങ്ങും. ഇതിലൂടെ പരമാവധി $729 വരെ അധികമായി ലഭിക്കും.
സെവറൻസ് പേയ്‌മെന്റ് തടസ്സമാകില്ല (Severance Relief):
തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന സെവറൻസ് പേ, വെക്കേഷൻ പേ എന്നിവ ഇനിമുതൽ നിങ്ങളുടെ EI ആനുകൂല്യങ്ങളെ വൈകിപ്പിക്കില്ല. മുമ്പ് ഇത്തരം തുകകൾ ലഭിച്ചാൽ നിശ്ചിത കാലയളവിന് ശേഷം മാത്രമേ EI ലഭിക്കുമായിരുന്നുള്ളൂ. ഇനി മുതൽ സെവറൻസ് തുകയും EI തുകയും ഒരേസമയം കൈപ്പറ്റാം. ഇത് വഴി തൊഴിലാളികൾക്ക് $5,000 മുതൽ $20,000 വരെ ലാഭിക്കാൻ സാധിച്ചേക്കും.
കൂടുതൽ കാലം ആനുകൂല്യം (20 Extra Weeks):
ദീർഘകാലം ജോലി ചെയ്തവർക്ക് (Long-tenured workers) നിലവിലുള്ള 45 ആഴ്ചയ്ക്ക് പുറമെ 20 ആഴ്ച കൂടി അധികമായി ആനുകൂല്യം ലഭിക്കും. അതായത് ആകെ 65 ആഴ്ച വരെ സഹായം ലഭിക്കാം. ഇത് പരമാവധി $14,580 വരെ അധിക വരുമാനം നൽകും.
2026-ലെ പുതുക്കിയ EI നിരക്കുകൾ ഒറ്റനോട്ടത്തിൽ:
പരമാവധി വാർഷിക വരുമാന പരിധി: $68,900
പരമാവധി ആഴ്ച വരുമാനം: $729
ആനുകൂല്യ നിരക്ക്: ശരാശരി വരുമാനത്തിന്റെ 55%
തൊഴിലുടമകൾക്കും ആശ്വാസം
വർക്ക് ഷെയറിംഗ് പ്രോഗ്രാമും (Work Sharing Program) 2027 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. ലേ-ഓഫ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇത് വലിയ തുണയാകും. കൂടാതെ പുതിയ ‘വർക്കർ റിട്ടൻഷൻ ഗ്രാന്റ്’ വഴി പരിശീലനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വരുമാനത്തിന്റെ 70% വരെ ഉറപ്പാക്കാനും സാധിക്കും.
അപേക്ഷകർ ശ്രദ്ധിക്കാൻ:
ജോലി നഷ്ടപ്പെട്ടാൽ വൈകാതെ തന്നെ (നാല് ആഴ്ചയ്ക്കുള്ളിൽ) അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. 2026 ഒക്ടോബർ 10-ന് ശേഷം അപേക്ഷിക്കുന്നവർക്ക് ഈ പ്രത്യേക ഇളവുകൾ ലഭിച്ചേക്കില്ല. സർവീസ് കാനഡയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada Extends 3 EI Relief Measures Until October 2026 That Could Save Workers Thousands



