ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജർക്ക് ഒസിഐ (ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ) കാർഡിനായി അപേക്ഷിക്കുന്ന രീതിയിൽ സർക്കാർ നിർണായക മാറ്റങ്ങൾ വരുത്തി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ നിർദ്ദേശപ്രകാരം ഇനി മുതൽ ഒസിഐ അപേക്ഷകൾ തപാൽ മാർഗ്ഗം സ്വീകരിക്കില്ല. അപേക്ഷകർ നിശ്ചിത ബിഎൽഎസ് ഇന്റർനാഷണൽ സെന്ററുകളിൽ നേരിട്ടെത്തി വേണം അപേക്ഷ സമർപ്പിക്കാൻ.
സുരക്ഷാ പരിശോധനകളുടെ ഭാഗമായി അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കേണ്ടതിനാലാണ് നേരിട്ട് ഹാജരാകണമെന്ന നിയമം കർശനമാക്കിയത്. ഏപ്രിൽ 5 മുതൽ പുതിയ രീതി പ്രാബല്യത്തിൽ വന്നു. ഇതുവരെ അപേക്ഷകൾ കൊറിയർ വഴിയോ തപാൽ വഴിയോ അയക്കാൻ സാധിക്കുമായിരുന്നുവെങ്കിലും ഇനി മുതൽ ഇത്തരം അപേക്ഷകൾ ബിഎൽഎസ് സ്വീകരിക്കില്ല. ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പ്രായമായവർക്കും ഈ പുതിയ നിയമം അല്പം ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും തിരിച്ചറിയൽ രേഖകളുടെ കൃത്യത ഉറപ്പുവരുത്താൻ ഈ നീക്കം അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്. എന്നാൽ ഇതിന്റെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കാൻ ബിഎൽഎസ് സെന്ററുകളിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് നേരിട്ട് ഹാജരാകേണ്ടി വരും. പുതിയ ഒസിഐ കാർഡിനായി ബിഎൽഎസ് സർവീസ് ചാർജുകൾ ഉൾപ്പെടെ ഏകദേശം 376 കനേഡിയൻ ഡോളറാണ് ചിലവ് വരുന്നത്. ഇതിനോടകം പോസ്റ്റൽ വഴി അപേക്ഷ അയച്ചവർ തങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Canada ends postal OCI applications




