ഒട്ടാവ: സിഖ് വിഘടനവാദ ഗ്രൂപ്പ് അംഗമാണെന്ന് അവകാശപ്പെട്ട് കാനഡയിൽ തുടരാൻ ശ്രമിച്ച വ്യക്തി നാടുകടത്തും. സിഖ് ഫോർ ജസ്റ്റിസ് (SFJ) പ്രവർത്തകനാണെന്ന് അവകാശപ്പെട്ടയാളെ നാടുകടത്താനുള്ള നടപടികൾക്ക് കനേഡിയൻ ഫെഡറൽ കോടതി അനുമതി നൽകി. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ നൽകിയ അപേക്ഷ കോടതി തള്ളി. ഇന്ത്യയിലേക്ക് മടങ്ങുന്നത് തനിക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പീഡനങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല.
താൻ എസ്.എഫ്.ജെയിലെ ഒരു സജീവ പ്രവർത്തകനാണെന്നും അതിനാൽ തന്നെ നാടുകടത്തിയാൽ വലിയ അപകടങ്ങൾ സംഭവിക്കുമെന്നുമാണ് അപേക്ഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ താൻ സംഘടനയിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചോ തനിക്ക് നേരിടേണ്ടി വരുമെന്ന് പറയുന്ന ഭീഷണിയെക്കുറിച്ചോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. നാടുകടത്തൽ നടപടി തടയണമെങ്കിൽ അപേക്ഷകൻ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ വ്യക്തമായി തെളിയിക്കപ്പെടണം, ഈ കാര്യത്തിൽ അപേക്ഷകൻ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയാണ് എസ്.എഫ്.ജെ. ഈ സംഘടനയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കാനഡയിൽ അഭയം തേടാനുള്ള ശ്രമങ്ങൾക്ക് ഈ കോടതി വിധി വലിയൊരു തിരിച്ചടിയാണ്. അപേക്ഷകന്റെ വാദങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും നിലവിലെ സാഹചര്യത്തിൽ നാടുകടത്തൽ നടപടികളുമായി അധികൃതർക്ക് മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada court refuses stay on removal of person claiming to be SFJ member



